വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രതിപാദിച്ചിരിക്കുന്ന വാസ്തുപുരുഷന്റെ കഥ ഇങ്ങനെയാണ്, ജന്‍മം കൊണ്ട് അസുരനായ വാസ്തു കഠിന തപത്തിന്റെ പിന്‍ബലത്തില്‍ ബ്രഹ്മ ദേവന്റെ പക്കല്‍ നിന്ന് വിശിഷ്ട വരങ്ങള്‍ സ്വന്തമാക്കി. അതിവിശിഷ്ടങ്ങളായ വരങ്ങള്‍ സ്വന്തമാക്കിയതിനു ശേഷം വാസ്തുവും മറ്റ് അസുരന്‍മാരെ പോലെ ദേവന്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ മുഴുകി.
വാസ്തുവിനെകൊണ്ട് അസ്വസ്ഥതകള്‍ പെരുകിയപ്പോള്‍ ദേവന്‍മാര്‍ ബ്രഹ്മാവിന്റെ സഹായം തേടി. വാസ്തുവുമായി യുദ്ധം ചെയ്യാനായിരുന്നു ബ്രഹ്മാവിന്റെ നിര്‍ദ്ദേശം. എന്നാല്‍, യുദ്ധത്തിനിടയില്‍ വാസ്തുവിനെ ഭൂമിയിലേക്ക് തള്ളിയിടണമെന്നും ഭൂമിയില്‍ വീണ് പരാക്രമം കാണിക്കുന്ന അവസരത്തില്‍, തല ഈശാനു കോണിലും കാല് നിരൃതികൊണിലും വരുമ്പോള്‍ ദേവകള്‍ അവന്റെ ഓരോ അവയവങ്ങളിലും കയറി ഇരിക്കാനും ബ്രഹ്മദേവന്‍ ഉപദേശിച്ചു.
അങ്ങനെ, വാസ്തുവുമായി യുദ്ധം പ്രഖ്യാപിച്ച ദേവതകള്‍ ഏറ്റുമുട്ടലിനിടയില്‍ വാസ്തുവിനെ ഭൂമിയിലേക്ക് തള്ളിയിട്ടു. ബ്രഹ്മദേവന്‍ പറഞ്ഞതുപോലെ തല ഈശാനു കോണിലും കാല് നിരൃതി കോണിലും ആയ അവസരത്തില്‍ ദേവന്‍മാര്‍ ഓരോ അവയവങ്ങളിലും കയറിയിരുന്ന് വാസ്തുവിന്റെ അഹങ്കാരം ശമിപ്പിക്കുകയും ചെയ്തു എന്നാണ് പുരാണം.
ഇത്തരത്തില്‍ ശയിക്കുന്ന വാസ്തുപുരുഷന്‍ ആറടി മണ്ണില്‍ മാത്രമല്ല പ്രപഞ്ചത്തിലെല്ലാം ഉണ്ടെന്നാണ് വിശ്വാസം. പുതിയ നിര്‍മ്മിതികള്‍ നടത്തുമ്പോള്‍ വാസ്തു പുരുഷന്റെ ശയനത്തിന് ഭംഗം വരുത്തരുത് എന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.
നിര്‍മ്മിതിക്കിടയില്‍ വാസ്തുപുരുഷന്റെ തലയില്‍ വെട്ടേറ്റാല്‍ മൃത്യുഭയമായിരിക്കും ഫലം. പാദങ്ങള്‍ക്ക് മുറിവ് പറ്റിയാല്‍ വീട്ടിലെ താമസക്കാര്‍ക്ക് നാശമുണ്ടാകും. എന്നാല്‍, കൈകളിലോ മുതുകിലോ മറ്റോ ആണ് ക്ഷതമേല്‍പ്പിക്കുന്നത് എങ്കില്‍ അപകടമാണ് ഫലം.