Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (20:03 IST)
വീട് പണിയുന്നതിനായി ഭൂമി തിരഞ്ഞെടുക്കുമ്പോൾ അവ ഗൃഹ നിർമ്മാണത്തിന് ഉത്തമമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ വാസ്തു ശാസ്ത്രത്തിൽ ചില എളുപ്പ വഴികൾ പറയുന്നുണ്ട്. സ്ഥലത്തെ മണ്ണിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണ്ടെത്തുക.
വീടു നിർമ്മിക്കാനായി കണ്ടെത്തിയ ഭൂമിയിൽ കിളച്ചുനോക്കിയാൽ ദോഷങ്ങൾ ഉണ്ടോ എന്ന് മനസിലാക്കാം. കിളച്ചു മറിക്കുമ്പൊൾ ആദ്യം കിട്ടുന്നത് എന്തോ അതിനനുസരിച്ചാണ് ഗുണവും ദോഷവുമെല്ലാം. ആദ്യം കിട്ടുന്നത് അസ്ഥിയാണെങ്കിൽ അത്യന്തം ദോഷകരമാണ്. വിറക്, ഉമി എന്നിവ ലഭിക്കുന്നതും ഇഴ ജന്തുക്കളെ കാണുന്നതും നല്ലതല്ല. കിളക്കുമ്പോൾ കിട്ടുന്നത് ചെങ്കൽ കട്ടകളാണെങ്കിൽ നല്ലതാണ്.
വീടുവെക്കാൻ അനുയോജ്യമായ ഭൂമിയാണോ എന്ന് തിരിച്ചറിയാൻ മറ്റൊരു മാർഗം കൂടിയുണ്ട്, സ്ഥലത്തിന്റെ ഒത്ത മധ്യത്തിൽ ഒരു കുഴി കുത്തി അതിൽ നിന്നെടുത്ത മണ്ണ് തിരിച്ച് കുഴിയിലേക്ക് തന്നെ ഇടുമ്പോൾ മണ്ണ് ബാക്കി വരുന്നുണ്ടെങ്കിൽ അത് വീടു വക്കാൻ ഉത്തമമായ ഭൂമിയാണ്. മറിച്ചാണെങ്കിൽ അവിടെ വീട് പണിയാതിരിക്കുന്നതാണ് നല്ലത്.