T SASI MOHAN|
Last Modified ചൊവ്വ, 9 ഒക്ടോബര്‍ 2007 (16:43 IST)
മനുഷ്യന് ഭൂമിയില്‍ താമസിക്കാന്‍ വേണ്ട സൌകര്യമുള്ള വീടുകള്‍ പണിയാനായുള്ള വ്യവസ്ഥകളാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. വീടിനു മാത്രമല്ല, മനുഷ്യന് പണിയുന്ന ഏതു കെട്ടിടത്തിനും സാമാന്യമായി വാസ്തുവിദ്യാ നിയമങ്ങള്‍ ബാധകമാണ്.
ഭൂമിയുടെ അവസ്ഥ, കിടപ്പ്, കാറ്റിന്റെ ഗതി, ലഭ്യത, വെള്ളത്തിന്റെ സാന്നിധ്യം, ലഭ്യത ഇങ്ങനെ പ്രകൃതിയിലെ പഞ്ചഭൂതങ്ങള്‍ക്ക് അനുസൃതമായി വീടുകള്‍ പണിയുകയാണ് വാസ്തു വിദ്യ പ്രകാരം ചെയ്യുന്നത്. അതൊരു നിശ്ചിത കണക്ക് അനുസരിച്ച് വേണം ചെയ്യാന്‍. ഈ കണക്കാണ് അല്ലെങ്കില്‍ അളവുകളാണ് തച്ചു ശാസ്ത്രത്തില്‍ പറയുന്നത്.
തച്ചു ശാസ്ത്രം എന്നാല്‍ പുരാതന മാതൃകയില്‍ വീട് പണിയാനുള്ള വിദ്യയാണ് എന്നൊരു ധാരണയുണ്ട്. എന്നാല്‍ തച്ചു ശാസ്ത്ര വിധി പ്രകാരം ആധുനിക രീതിയിലുള്ള വീടുകള്‍ സൌന്ദര്യാത്മകമായി തന്നെ പണിയാന്‍ കഴിയും.
പക്ഷെ, അളവുകളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കുന്നതാണ് നല്ലത്. ഭൂമിയുടെ ലഭ്യത വളരെ കുറഞ്ഞ നഗരങ്ങളില്‍ പാരമ്പര്യ തച്ച് ശാസ്ത്ര പ്രകാരമുള്ള മന്ദിരങ്ങള്‍ ഉണ്ടാക്കുക പ്രായോഗികമല്ല. എന്നാല്‍, തച്ച് ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ തെറ്റിക്കാതെ വാസ്തുശാസ്ത്ര പ്രകാരം ഭംഗിയുള്ള വീടുകള്‍ പണിയാന്‍ ആവും എന്ന് ഉറപ്പാണ്.
ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായാണ് ഓരോ സ്ഥലത്തെയും വാസ്തുവിദ്യാ സങ്കേതങ്ങള്‍ വികസിച്ചിട്ടുള്ളത്. ഭൂമിയുടെ ഉറപ്പ്, ചരിവ്, ഘടന, ദിശ എന്നിവയെ ആധാരപ്പെടുത്തി ഉള്ള കണക്കുകളാണ് പ്രധാനം. പിന്നെ വീടിന് എത്ര ഉയരമുണ്ട്, വിസ്തൃതിയുണ്ട്, എത്ര മുറികളുണ്ട് എന്നിങ്ങനെയുള്ള കണക്കുകള്‍ വരുന്നു.
ഭാരതത്തില്‍ പല സ്ഥലങ്ങളിലായി പല തരത്തിലുള്ള വാസ്തുശാസ്ത്ര സങ്കല്‍പ്പങ്ങളും അത് സംബന്ധിച്ച പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്. മാനസാര (അളവുകളുടെ സാരം) എന്ന ഗ്രന്ഥമാണ് ഉത്തരേന്ത്യയിലെ പ്രമാണം. എന്നാല്‍ ദക്ഷിണേന്ത്യയിലാവട്ടെ മയമദം എന്ന ഗ്രന്ഥമാണ് അടിസ്ഥാന പ്രമാണം. ഇവയെ മൂല ഗ്രന്ഥങ്ങള്‍ എന്ന് വിളിക്കാം.
വിശ്വകര്‍മ്മീയം, കാശ്യപീയം, സൂത്രധാര, സമരാംഗന തുടങ്ങി വേറെയും ചില വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളുണ്ട്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥം മനുഷ്യാലയ ചന്ദ്രികയാണ്. ഈശാനഗുരുനോ പദ്ധതി, തന്ത്രസമുച്ചയം, വാസ്തുവിദ്യ എന്നിവയും കേരളത്തില്‍ പ്രസിദ്ധമാണ്.
ഇത് കൂടാതെ സമീപകാലത്തുള്ള പല തച്ചുശാസ്ത്ര വിദഗ്ദ്ധരും കാണിപ്പയ്യൂര്‍ നമ്പൂതിരിയും ഓണക്കൂര്‍ ഗണകനും മറ്റും വാസ്തു ശാസ്ത്രവും തച്ച് ശാസ്ത്രവും സംബന്ധിച്ച് വിശേഷപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.