ഒരുനോട്ടം....ആ മൊഴികള്‍....പരല്‍മീന്‍ തുടിക്കുന്ന കണ്ണുകള്‍....ആ നടപ്പ് എല്ലാം വശ്യം. ആ വിരല്‍ തുമ്പുകളില്‍ ഒന്നു സ്പര്‍ശിക്കാനായെങ്കില്‍. അല്ലെങ്കില്‍ ഒരു വാക്ക് സംസാരിച്ചിരുന്നെങ്കില്‍. അവള്‍ കണ്ണില്‍ നിന്ന് മായുമ്പോള്‍ എനിക്കെന്തോ നഷ്ടമായതുപോലെ, ഇതായിരുന്നു ഒരു ശരാശരികാമുകന്‍റെ ചേതോവികാരങ്ങള്‍. എന്നാല്‍, അതൊക്കെ മാറിമറിയുന്നോ? ഇപ്പോള്‍, പ്രണയത്തിന് നിര്‍വചനങ്ങള്‍ ഉണ്ടായി...അനിര്‍വചനീയ സൌരഭ്യം മാഞ്ഞു!
പ്രേമത്തിനും അതിലൂടെ പുരുഷനും പ്രകൃതിയും ഒന്നാവുന്ന വിശുദ്ധ കാമത്തിനും പേരുകേട്ട നാടായിരുന്നു ഇന്ത്യ. കാമത്തിന്‍റെ വില്ലെടുത്ത് കുലയ്ക്കുന്ന കാമദേവനും പുഷ്പബാണമേറ്റ് കാമ പരവശയായി ഇഷ്ടപുരുഷന്‍റെ സവിധത്തില്‍ എത്തുന്ന കാമിനിയും കഥകളിലൂടെ നല്‍കിയ രൂപങ്ങള്‍ ഇന്നും നമ്മില്‍ മായാതെ നില്‍ക്കുന്നുല്ലേ.
നമ്മള്‍ ആരാധിച്ച രതി, ശില്‍പ്പ ഭംഗികളായി ഇപ്പോഴും നമ്മെ നോക്കി നില്‍ക്കുന്നുണ്ട്. രതി ശില്‍പ്പങ്ങളുടെ നാടായ ഖജുരാഹോ ഇതിന് സാക്‍ഷ്യം. ക്ഷേത്ര ചുമരുകളില്‍ വരെ കല്ലില്‍ കവിത വിരിയിച്ച ഇന്ത്യയുടെ പ്രേമവും കാമവും പാതി വഴിയിലെവിടെയോ നമ്മള്‍ ഉപേക്ഷിക്കുകയായിരുന്നോ?
മധ്യകാലഘട്ടത്തിന്‍റെ ഇരുളിച്ചയിലെവിടെയോ നമുക്ക് ‘കാമസൂത്രം’ മാത്രം ബാക്കിയായി, രതിയുടെ ആസ്വാദ്യത ലോകത്തിനു മുഴുവന്‍ വിവരിച്ചു നല്‍കിയ നാം അത് പുസ്തകത്തില്‍ മാത്രമായി സൂക്ഷിക്കാന്‍ തുടങ്ങി. മാടമ്പികളുടെയോ നാട്ടു രാജാക്കന്‍മാരുടെയോ അട്ടഹാസങ്ങള്‍ സാധാരണക്കാരന്‍റെ രതിയെയും പ്രേമത്തെയും ദീനവിലാപങ്ങളോളം ദുര്‍ബ്ബലമാക്കി.
PRATHAPA CHANDRAN|
Last Modified വ്യാഴം, 12 ഫെബ്രുവരി 2009 (19:57 IST)