യൂറോപ്പ്, ഓസ്ട്രേലിയ, പശ്ചിമേഷ്യ, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലേയ്ക്കാണ് ഹോസൂരില്‍ നിന്ന് പ്രണയം കയറ്റി അയക്കുന്നത്. വലന്‍റൈന്‍സ് ദിനത്തിനായി ഓസ്ട്രേലിയ ഒരു കോടി ചുവന്ന റോസാപുഷ്പങ്ങളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നതെന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റോസാപൂ ഉല്‍പ്പാദകരായ ടാന്‍ഫ്ലോറ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പാര്‍ക്കിന്‍റെ എം ഡി നജീബ് അഹമ്മദ് പറയുന്നു.
അമുദഗോണ്ടപ്പള്ളിയില്‍ 50 ഹെക്റ്ററിലായി പരന്നു കിടക്കുകയാണ് ടാന്‍ഫ്ലോറയുടെ പൂന്തോട്ടം.
ഉള്ളിലുള്ള തീവ്രമായ പ്രണയത്തെ വിളിച്ചോതുന്ന ചുവന്ന റോസിന് തന്നെയാണ് വിപണിയില്‍ ആവശ്യക്കാര്‍. സഫലമായ ഒരു പ്രണയമാണ് ചുവപ്പിലൂടെ സംസാരിക്കുന്നതെന്നാണ് കമിതാക്കളുടെ ഭാഷ്യം. ചുവപ്പ് കഴിഞ്ഞാല്‍ മഞ്ഞ റോസയോടാണ് പ്രണയിതാക്കള്‍ക്ക് പഥ്യം.
പ്രണയ ദിനത്തില്‍ ഒരു മഞ്ഞ റോസാ പുഷ്പം സമ്മാനിക്കുന്നതോടെ നീ എന്‍റെ പ്രിയ സുഹുത്തെന്ന് പറഞ്ഞു ബുദ്ധിമുട്ടണ്ട, അത് നിന്‍റെ സൗഹുദം മുഴുവന്‍ അവള്‍ക്കു മുന്നില്‍ തുറന്നു വെയ്ക്കും.
ഓരോവര്‍ഷവും 50 ശതമാനം കണ്ടാണ് റോസാപൂ വില്‍പ്പന വര്‍ധിക്കുന്നത്. പ്രത്യേകിച്ചു ഫെബ്രുവരിയില്‍. ഇതിനു പുറമെയാണ് അഭ്യന്തര വിപണിയിലെ വില്‍പ്പന. രാജ്യത്ത് വിരിയുന്ന റോസാപുഷ്പങ്ങളുടെ 35 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ ഹോസൂരില്‍ നിന്നാണ്.