ആ വാലന്റൈന്‍ ദിനത്തില്‍ അവന്റെ സമ്മാനം കടലാസു ചെടിയുടെ ഒരു മുഷിഞ്ഞ ചില്ലയായിരുന്നു. വിതിര്‍ത്തിട്ട മുടിയിലെ ചെന്പകപ്പൂവിന്റെ സ്നിഗ്ദ്ധതയ്ക്കു പകരമായി ആ വിളറിയ കടലാസുപൂക്കള്‍ സ്വീകരിക്കാനും അവള് തയ്യാറായി.
പ്രണയത്തിന്റെ തീവ്രത ആ പൂവുകള്‍ക്ക് അസ്തമയത്തിന്റെ ചുവപ്പു നല്കുന്നതറിഞ്ഞപ്പോഴും അത് അസ്തമയത്തിന്റെ ചുവപ്പാണെന്ന ബോധം അവനെ അലോസരപ്പെടുത്തി. അടുത്ത പ്രഭാതത്തിന് മറവിയുടെ മേഘക്കറുപ്പായിരുന്നു കൂട്ട്.
""അരികിലേറെയകലത്തിരുന്നു നീ കരളു കത്താതെയെന്നെ നോക്കീടവേ സിരകളൊക്കെയും തുള്ളിപ്പനിക്കുന്നൊ- രഗ്നിയായ് നിന്നെ മോഹിച്ചിരുന്ന ഞാന്‍....'' --ഇന്ദ്രബാബു
പറയാതെ പോയ പ്രണയങ്ങള്‍ക്കും പങ്കിടാതെപോയ സ്വപ്നങ്ങള്‍ക്കും അന്ത്യവിധി കുറിക്കാനൊരു ദിനം. അടുക്കി വച്ച സ്നേഹത്തിന്റെ വീര്‍പ്പുമുട്ടലില്‍നിന്ന് അണപൊട്ടിയൊഴുകുന്ന സ്നേഹത്തിന്റെ സ്ഫോടനത്തിലേക്കുള്ള പരിണാമം ആശകളുടെ ചിറകരിഞ്ഞേക്കാം.
""ഏതു പ്രണയവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെങ്കിലും തിരിച്ചുകിട്ടും '', ആശ്വാസത്തിനവിടെയും കവി തന്നെ ശരണം.
""ഒരിക്കലും സ്നേഹിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് ഒരിക്കലെങ്കിലും സ്നേഹിച്ചു നഷ്ടപ്പെടുന്നതാണ്''. ഓരോ പ്രണയിയുടെയും ആപ്തവാക്യം!. പക്ഷേ ഇവരറിയുന്നുണ്ടോ ആദ്യം പറഞ്ഞ ഗണത്തില്‍പ്പെടുന്നവരായി ആരുമില്ലെന്ന്!