2008-2009 വര്‍ഷത്തേയ്ക്കുള്ള പൊതു ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഇരുപത് ശതമാനം കൂടുതല്‍ തുക വകയിരുത്തി. 34,400 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.
നിലവില്‍ 28,674 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടായിരുന്നത്. സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 13,100 കോടി രൂപ വകയിരുത്തി. പ്രൈമറി വിദ്യാലയങ്ങളുടെ പുരോഗതിക്ക് 4,554 കോടി രൂപയും സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് 8,000 കോടി രൂപയും വകയിരുത്തി.
നിലവില്‍ ലോവര്‍ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് മാത്രമായിരുന്ന ഉച്ചഭക്ഷണം അപ്പര്‍ പ്രൈമറി തലത്തില്‍ കൂടി വ്യാപിച്ചു. ഇതിന്‍റെ പ്രയോജനം 13.9 കോടി കുട്ടികള്‍ക്ക് കൂടി ലഭിക്കും. ജവഹര്‍ റോസ്ഗാര്‍ പദ്ധതി പ്രകാരം ഇരുപത് നവോദയ വിദ്യാലയങ്ങള്‍ കൂടുതലായി തുറക്കും. ഇതിനായി 130 കോടി രൂപ വകയിരുത്തി.
കസ്തൂര്‍ബാഗാന്ധി ബാലികാവിദ്യാലയങ്ങള്‍ 410 എണ്ണം കൂടി ആരംഭിക്കും. നിലവിലിത് 1,754 എണ്ണം രാജ്യത്തുണ്ട്. ഇതിനായി 80 കോടി രൂപ നീക്കിവച്ചു. മെറിറ്റ് സ്കോളര്‍ഷിപ്പ് ഒരു ലക്ഷം പേര്‍ക്ക് നല്‍കും. ഇതിനായി 750 കോടി രൂപ നീക്കിവച്ചു. ജലദൌര്‍ല്ലഭ്യമുള്ള വിദ്യാലയങ്ങളില്‍ കുടിവെള്ളം ലഭ്യാമാക്കാന്‍ പദ്ധതി കൊണ്ടുവരും.
ഇതിന് ആദ്യഗഡുവായി 200 കോടി രൂപ അനുവദിച്ചു. വിദ്യാലയങ്ങളില്‍ ഇന്‍റര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്തുന്നതിന് 1000 കോടി നീക്കി വച്ചു. രാജ്യത്ത് 16 കേന്ദ്ര സര്‍വ്വകലാശാലകള്‍ കൂടി ആരംഭിക്കും.