പൊതുബജറ്റില്‍ ഐടി മേഖലയ്ക്ക് പുതിയ രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു- ഗ്രാമീണ മേഖലയില്‍ ഒരു ലക്ഷം ഇന്‍റര്‍നെറ്റ് അധിഷ്ഠിത പൊതു സേവന കേന്ദ്രങ്ങളും (സി എസ് സി എസ്), സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്കുകളും (സ്വാന്‍). എന്നാല്‍ പാകേജ്ഡ് സോഫ്റ്റ്വെയര്‍ തീരുവ ഉയര്‍ത്തിയത് ഐടി മേഖലയില്‍ അതൃപ്തിയുടെ സ്വരമുയര്‍ത്തുന്നു.
വെബ്‌ദുനിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീ പങ്കജ് ജയിന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു, " ഇന്‍റര്‍നെറ്റ് അധിഷ്ഠിത 100,000 പൊതു സേവന കേന്ദ്രങ്ങളും(സി എസ് സി എസ്) സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്കുകളും (സ്വാന്‍) ഐടിയുടെ ഗുണഫലങ്ങള്‍ പൊതു ജനങ്ങളില്‍ എത്തിക്കും, എന്നാല്‍ ടെക്നോളജി നിഷേധിക്കപ്പെട്ട നൂറ് കോടി ജനങ്ങള്‍ക്ക് ഇത് മതിയാവില്ല”
"ഇത്തരത്തില്‍ എല്ലാവര്‍ഷവും, കുറഞ്ഞത് അഞ്ച് മടങ്ങ് വീതം വര്‍ദ്ധന ഉണ്ടായാല്‍ ഐടിയുടെ ഗുണഫലങ്ങള്‍ കൂടുതല്‍ പേരില്‍ എത്തും”, പങ്കജ് ജയിന്‍ കൂട്ടിച്ചേര്‍ത്തു.
“ഇന്ത്യയെ ഒരു വിജ്ഞാന സമൂഹം(നോളിജ് സൊസൈറ്റി) ഊന്നല്‍ നല്‍കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്- പുതിയ ഐഐടികള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, ഗവേഷണവും വികസനവും, സര്‍വകലാശാലകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ദേശീയ നോളിജ് ശൃംഖല- എന്നിവ സ്വാഗതം ചെയ്യുന്നു, സൈബര്‍ മീഡിയ ചെയര്‍മാനും പാന്‍-ഐഐടി അലുമ്‌നി ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ ശ്രീ പ്രദീപ് ഗുപ്ത പറഞ്ഞു.
“ വിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലയ്ക്കും കൂടുതല്‍ തുക വകയിരുത്തിയതു ‘നാഷണല്‍ സ്കില്‍ ഡവലപ്‌മെന്‍റ് മിഷന്‍‘ രൂപീകരിക്കുന്നതും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ വിജ്ഞാന വ്യാപാര (നോളിജ് ഇന്‍ഡസ്ട്രീസ്) മേഖലയ്ക്ക് പ്രചോദനം നല്‍കുന്നു”, എന്നായിരുന്നു ‘ഐടി ഇന്‍റലിജന്‍സ് ആന്‍ഡ് അഡ്വൈസറി ഫേം (ഐഡിസി) കണ്ട്രി മാനേജര്‍ ശ്രീ. കപില്‍ ദേവ് സിംഗ് പറഞ്ഞത്.
മുന്നേറുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന ഐടി വ്യവസായത്തിന് പാക്കേജ്‌ഡ് സോഫ്റ്റ്‌വെയറിലുള്ള എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതും കസ്റ്റം സോഫ്റ്റ്‌വെയറിന് സേവന നികുതി ഏര്‍പ്പെടുത്തിയതും അപലപിക്കത്തക്കതാണെന്നും കപില്‍ ദേവ്‌സിംഗ് പറഞ്ഞു.