എസ്‌ബി‌ഐ വീണ്ടും പലിശനിരക്ക് കുറച്ചു

WDWD
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും വായ്പകളില്‍ ഈടാക്കുന്ന പലിശ നിരക്ക് കുറച്ചു. കേന്ദ്ര ബജറ്റ് അടുത്തയാഴ്ച അവതരിപ്പിക്കാനിരിക്കെയാണ് ബാങ്കുകള്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ തയ്യാറായിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്ക് മുമ്പും സ്റ്റേറ്റ് ബാങ്ക് പലിശ നിരക്ക് കുറച്ചിരുന്നു. ധനമന്ത്രി പി.ചിദംബരത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു നേരത്തെ പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഒട്ടേറെ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ട്.

ഇപ്പോള്‍ പലിശ നിരക്ക് വീണ്ടും 0.25 ശതമാനം (കാല്‍ ശതമാനം) എന്ന തോതിലാണ് എസ്.ബി.ഐ കുറച്ചിരിക്കുന്നത്. ഇതോടെ എസ്.ബി.ഐ ഈടാക്കുന്ന പ്രഥമ വാ‍യ്പാ പലിശ നിരക്ക് 12.50 ശതമാനത്തില്‍ നിന്ന് 12.25 ശതമാനമായി കുറഞ്ഞു. ഫെബ്രുവരി 27 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഫെബ്രുവരി 11 നായിരുന്നു നേരത്തെ എസ്.ബി.ഐ വായ്പാ പലിശ നിരക്ക് 0.25 ശതമാനം കണ്ട് കുറച്ചിരുന്നത്.ഫെബ്രുവരി 16 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധമായിരുന്നു എസ്.ബി.ഐ ആദ്യം പലിശ നിരക്ക് 0.25 ശതമാനം എന്ന കണക്കില്‍ കുറച്ചത്.

എസ്.ബി.ഐ ക്കൊപ്പം ബാങ്ക് ഓഫ് ഇന്ത്യയും പലിശ കുറച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇവര്‍ ഒരു പടി കൂടി മുന്നോട്ടുപോയിരിക്കുകയാണ്. ഇവര്‍ കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്ന പലിശ നിരക്ക് 0.5 ശതമാനം (അര ശതമാനം) ആണ്. ബാങ്ക് ഓഫ് ഇന്ത്യയുടെ കുറഞ്ഞ വായ്പാ പലിശ നിരക്കുകള്‍ ഫെബ്രുവരി 21 മുതല്‍ പ്രാബല്യത്തില്‍ വരും.

ഇവരെക്കൂടാതെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. നിലവില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഥമ വായ്പാ പലിശ നിരക്കായ 13.25 ശതമാനത്തില്‍ നിന്ന് 0.5 ശതമാനം നിരക്കിലാണ് കുറവുണ്ടാവുന്നത്. പുതിയ പലിശ നിരക്കുകള്‍ ഫെബ്രുവരി 21 മുതല്‍ പ്രാബല്യത്തില്‍ വരും.

വായ്പാ പലിശ നിരക്കുകള്‍ താഴ്ത്തിയതനുസരിച്ച് നിക്ഷേപങ്ങളുടെ പലിശ നിരക്കിലും കുറവുണ്ടായിട്ടുണ്ട്. ഇതനുസരിച്ച് മൂന്ന് വര്‍ഷത്തിനും അതിനു മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 0.50 ശതമാനം കണ്ട് കുറച്ചു. നിലവിലെ പലിശ നിരക്കായ 8.75 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :