സജിത്ത്|
Last Modified തിങ്കള്‍, 1 മെയ് 2017 (10:28 IST)
ചിക്കാഗോ സമരത്തിന്റെ ചുവന്ന സ്മരണയില്‍ ഇന്ന് തൊഴിലാളി ദിനം. എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യമുയര്‍ത്തി അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും 1886ല്‍ നടന്ന ‘ഹേ മാര്‍ക്കറ്റ്’ കലാപത്തിന്‍റെ സ്മരണ പുതുക്കലായി വര്‍ഷം തോറും തൊഴിലാളി ദിനം ആചരിക്കുന്നുണ്ടെങ്കിലും അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്നതാണ് ലോകയാഥാർഥ്യം.
പല മേഖലയിലും തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം മുന്‍പെന്നത്തേതിനേക്കാളും അപകടകരമായ അവസ്ഥയിലാണ്. അമേരിക്കയിലും യൂറോപ്പിലും തുടങ്ങിയ കൂട്ടപ്പിരിച്ചുവിടലുകളും വേതനം വെട്ടിക്കുറയ്ക്കലും ഇന്ത്യയിലേക്കും പടര്‍ന്നിരിക്കുന്നു. ഓരോമാസവും എത്ര ജീവനക്കാരെ കുറക്കാമെന്ന് സ്ഥാപനങ്ങളും പിങ്ക് സ്ലിപ്പില്‍ നിന്ന് എങ്ങിനെ ഒളിച്ചു നടക്കാമെന്ന് ജീവനക്കാരും ചിന്തിക്കുന്ന ഇക്കാലത്ത് തൊഴിലാളി ദിനത്തിന്‍റെയും വര്‍ഗാവബോധത്തിന്‍റെയും പ്രസക്തിയേറുന്നു.
ഇത്തരം ഭീതിജനകമായ സാഹചര്യങ്ങള്‍ തൊഴിലാളികളുടെ വര്‍ഗാവബോധം അടിയറവെച്ച് അവരെ മാനസിക അടിമത്തത്തിലേക്കാണ് നയിക്കുന്നത്. ഐടി മേഖലപോലെ അസംഘടിത തൊഴില്‍ രംഗങ്ങളില്‍ ജോലിചെയ്യുന്നവരുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാവുന്നു. പതിനഞ്ചും പതിനെട്ടും മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറക്കവും ക്ലേശവും മൂലം മാനസിക രോഗങ്ങളിലേക്കും സാമൂഹികമായ പിന്‍വാങ്ങലുകളിലേക്കും തൊഴിലാളികള്‍ നയിക്കെപ്പെടുന്നതായി സമീപകാലത്ത് നടന്ന ചില പഠനങ്ങള്‍ തെളിയിക്കുന്നു.
ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചു കോടി കവിയുമെന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ മുന്നറിയിപ്പും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഈ വിധത്തിലുള്ള എല്ലാ വൈരുധ്യങ്ങളിലൂടെയും കടന്നുപോകുന്ന തൊഴിലാളി വര്‍ഗം ദേശമോ ഭാഷയോ ജാതിയോ മതമോ രാഷ്ട്രീയമോ അതിരിടാത്ത വിധത്തില്‍ സംഘടിച്ചാലല്ലാതെ, ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയില്ലെന്ന് തൊഴിലാളിദിനം നമ്മെ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ സാര്‍വരാജ്യ തൊഴിലാളികളേ, സംഘടിക്കുവിന്‍...