ഹനുമദ് വാഹനത്തില്‍ എഴുന്നള്ളിപ്പ്

Thiru Hanumad Vahana
FILEFILE
തിരുമല തിരുപ്പതി ശ്രീവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന്‍റെ ആറാം ദിവസമാണ് ഹനുമദ് വാഹത്തില്‍ ഭഗവാനെ എഴുന്നള്ളിക്കുന്നത്. ഓ രാഘവാത്മജാ എന്ന ആലാപനത്തോടെ ജയ് വിളിച്ചാണ് മനോഹരമായി അലങ്കരിച്ച ഹനുമദ് വാഹനം ആറാം ദിവസം രാവിലെ എഴുന്നള്ളിക്കുന്നത്. ആയിരക്കണക്കിന് ഭക്തരാണ് ഈ ദിവസം തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തുന്നത്.

മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമന്‍റെ പരമഭക്തനാണ് ഹനുമാന്‍. ഹനുമാന്‍റെ പവിത്രമായ ഭക്തിക്ക് പ്രതിഫലമായി ഹനുമാന് നന്ദി പ്രകാശിപ്പിക്കാന്‍ ശ്രീരാമന് കഴിഞ്ഞില്ലെന്നാണ് ഭക്തര്‍ പോലും കരുതുന്നത്. ഹനുമദ് വാഹനം കാണുന്ന മാത്രയില്‍ തന്നെ ഭക്തര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

ഈ ദിവസം പതിവുപോലെയുള്ള ഊഞ്ഞാല്‍ സേവ ഉണ്ടായിരിക്കില്ല, ഇതിനു പകരം വസന്തോത്സവമാവും ഉണ്ടാവുക. ഈ ദിവസം രാത്രി ഭഗവാനെ ഗജവാഹനത്തിലാവും എഴുന്നള്ളിക്കുക. ധനത്തിന്‍റെ - ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് ഗജം അഥവാ ആനയെ ഭക്തര്‍ കാണുന്നത്. ദേവേന്ദ്രന്‍റെ വാഹനമായ ഐരാവതത്തിന്‍റെ പ്രതീകമായും ഇതിനെ കാണുന്നു.

ശ്രീമഹാഭാഗവത കഥയിലെ ഗജേന്ദ്രമോക്ഷത്തെയും ഇതിനോട് അനുബന്ധിച്ച് സ്മരിക്കുന്നു. മുതലയുടെ പിടിയില്‍ അകപ്പെട്ട ആനയെ സാക്ഷാല്‍ മഹാവിഷ്ണു രക്ഷിക്കുന്ന കഥയാണ് ഗജേന്ദ്രമോക്ഷത്തിലേത്. അതിനാല്‍ തന്നെ ഭഗവാന്‍ ഗജത്തിന്‍റെ പുറത്തേറി വരുന്നതിനു തുല്യമായാണ് ബ്രഹ്മോത്സവത്തില്‍ ഗജവാഹന എഴുന്നള്ളിപ്പ് നടത്തുന്നത്.
തിരുമല| WEBDUNIA| Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2007 (18:01 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :