തിരുപ്പതി ബ്രഹ്മോത്സവം ശനിയാഴ്ച തുടക്കം

ടി ശശി മോഹന്‍

tirupati temple
FILEFILE
തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ബ്രഹ്മോത്സവം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവങ്ങളില്‍ ഒന്നാണ്. തിരുമല വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രത്തിലാണ് കൊല്ലത്തില്‍ രണ്ട് തവണ ബ്രഹ്മോത്സവം നടക്കുക.

വാര്‍ഷിക ബ്രഹ്മോത്സവവും നവരാത്രി ബ്രഹ്മോത്സവവുമാണ് സെപ്തംബര്‍ - ഒക്‍ടോബര്‍ മാസങ്ങളില്‍ തിരുപ്പതിയിലേക്ക് ഭക്തജനലക്ഷങ്ങളെ ആകര്‍ഷിക്കുന്നത്. ഇത്തവണത്തെ വാര്‍ഷിക ബ്രഹ്മോത്സവം സെപ്തംബര്‍ 15 മുതല്‍ 23 വരെയും നവരാത്രി ബ്രഹ്മോത്സവം ഒക്‍ടോബര്‍ 12 മുതല്‍ 20 വരെയും നടക്കും.

ബ്രഹ്മാവാണ് ഈ ഉത്സവം തുടങ്ങിവച്ചത് എന്നാണ് വിശ്വാസം. തിരുപ്പതിയിലെ പുഷ്കരണി നദിക്കരയില്‍ മാനവകുല സംരക്ഷകനായ ബാലാജിയെ (മഹാവിഷ്ണുവിനെ) ബ്രഹ്മദേവന്‍ പൂജിച്ചതിന്‍റെ ഓര്‍മ്മയ്ക്കായാണ് ബ്രഹ്മോത്സവം നടത്തുന്നത്. ബ്രഹ്മോത്സവം എന്നാല്‍ ബ്രഹ്മാവിന്‍റെ ഉത്സവം എന്നാണര്‍ത്ഥം.

ഓരോ വര്‍ഷവും ഈ രണ്ട് മാസങ്ങള്‍ തിരുമലയിലെ തീര്‍ത്ഥാടന കാലമാണ്. ശ്രീ വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹങ്ങള്‍ തേടിയും സ്വര്‍ഗീയമായ ആനന്ദ ലഹരി തേടിയും നാനാ നാടുകളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഇവിടെയെത്തുന്നു.

വാര്‍ഷിക ബ്രഹ്മോത്സവം ഒമ്പത് ദിവസമാണ്. ഓരോ ദിവസവും ഓരോ വാഹനത്തില്‍ വെങ്കിടേശ്വര സ്വാമിയെ പുറത്തെഴുന്നള്ളിക്കും. ബാലാജിയുടെ കാര്‍വര്‍ണ്ണ ബിംബം സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടും അമൂല്യമായ രത്നങ്ങളും മുത്തുകളും കൊണ്ടും അലങ്കരിച്ചിരിക്കും.

ഇതോടൊപ്പം തിരുമല തിരുപ്പതി ദേവസ്ഥാനം സംഗീത കച്ചേരികളും സാംസ്കാരിക പരിപാടികളും നടത്തുക പതിവാണ്. ബ്രഹ്മോത്സവത്തില്‍ പങ്കെടുക്കുക എന്നത് ഏതൊരു കലാകാരന്‍റെയും ജീവിതാഭിലാഷമാണ്.

എത്തുന്ന എല്ലാ ഭക്തര്‍ക്കും ദേവസ്ഥാനം സൌജന്യമായി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. ടെലിവിഷന്‍ ചാനലുകള്‍ ഈ ഉത്സവം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ സം‌പ്രേക്ഷണം ചെയ്യാറുണ്ട്.

T SASI MOHAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :