തിരുപ്പതി വെങ്കിടാചലപതിയെ സ്ത്രീ രൂപം കെട്ടിച്ച് ഒരു പല്ലക്കില്‍ ഇരുത്തി പ്രദക്ഷിണം ചെയ്യിക്കുന്നു. ഇതോടൊപ്പം ഒരു കൃഷ്ണന്‍റെ രൂപവും ഉണ്ടായിരിക്കും. ഇതിനു ശേഷം രാത്രി പൂജാ സേവ നടക്കും. പിന്നീട് ഗരുഡ വാഹനത്തിലാണ് ഭഗവാന്‍റെ എഴുന്നള്ളത്ത്.
മഹാകണ്ടി കൊണ്ടും സഹസ്ര നാരമാല കൊണ്ടും ഭഗവാനെ അലങ്കരിച്ചിരിക്കും. ഹിന്ദുക്കളുടെ വിശ്വാസം അനുസരിച്ച് പക്ഷി രാജനായ ഗരുഡന്‍ വേദങ്ങളുടെ പ്രതിരൂപമാണ് (വേദാത്മാ വിഹംഗേശ്വരാ എന്നാണല്ലോ പ്രമാണം). മാത്രമല്ല വേദങ്ങളുടെ അധിപതി മഹാവിഷ്ണുവുമാണ്. അതുകൊണ്ട് ഗരുഡനില്‍ കാണാനാവുന്നത് വിഷ്ണുവിനെ തന്നെയാണ്.
വൈഷ്ണവ പുരാണങ്ങളില്‍ പറയുന്നത് ആദ്യത്തെ ഭക്തന്‍ ഗരുഡനാണെന്നാണ്. അതുകൊണ്ട് വിഷ്ണു ഗരുഡന്‍റെ പുറത്തേറി പ്രദക്ഷിണം ചെയ്യുന്നത് തിരുമല ബ്രഹ്മോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. മാത്രമല്ല, അവിടത്തെ വാഹനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഗരുഡ വാഹനമാണ്‍്. ഗരുഡ വാഹന ഘോഷയാത്ര കാണാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ഭക്തര്‍ ബുധനാഴ്ച തിരുപ്പതിയില്‍ എത്തിയിട്ടുണ്ട്.