ഡൌണ്‍ലോഡിങ്ങ്: ജപ്പാന്‍ നടപടിയ്‌ക്ക്

PROPRO
അമേരിക്കയിലെ സൈനിക സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിന് കണ്ടെത്തിയ കമ്പ്യൂട്ടര്‍ ശൃംഖല (ഇന്‍റര്‍നെറ്റ്) ലോകജനതയുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിട്ട് കാലമേറെയായി. എന്തിനും ഏതിനും നാം ഇന്ന് ഇന്‍റര്‍നെറ്റിനെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗുണത്തോടൊപ്പം തന്നെ ദോഷങ്ങളും കമ്പ്യൂട്ടര്‍ വലയില്‍ കടന്നുകൂടിയത് സ്വാഭാവികം മാത്രം. നെറ്റിലൂടെ എത്തുന്ന അശ്ലീല ചിത്രങ്ങളും സാഹിത്യങ്ങളും യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്ന മുറവിളികളും ഇതോടൊപ്പം തന്നെ ശക്തമായി തുടങ്ങിയിരുന്നു.

എന്നാല്‍ മറ്റൊരു പ്രധാന ഭീഷണി നേരിടേണ്ടി വന്നത് സിനിമ - സംഗീത മേഖലയ്ക്കായിരുന്നു. സിനിമയുടെയും ആല്‍ബങ്ങളുടെയും വ്യാജ പകര്‍പ്പുകള്‍ (Pirated Copies) നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് പുറത്തിറക്കാന്‍ തുടങ്ങിയത് ഈ വ്യവസായങ്ങളെ ചെറുതായിട്ടല്ല ബാധിച്ചത്. ലോകത്ത് എവിടെയും ഈ വ്യവസായങ്ങള്‍ ഒരേപോലുള്ള ഭീഷണിയാണ് നേരിട്ടത്. പലരും പല രീതിയില്‍ അനധികൃത പകര്‍പ്പുകളെ തടയാന്‍ ശ്രമിച്ചുവരുമ്പോഴും വ്യാജ വ്യവസായം വന്‍‌തോതില്‍ കൊഴുക്കുകയാണ്.

ജപ്പാന്‍ ഇത്തരം വ്യാജന്‍‌മാരുടെ ഭീഷണിയെ നേരിടാന്‍ വളരെ കടുത്ത നടപടികള്‍ സ്വീ‍കരിക്കുന്ന കാര്യം പരിഗണിച്ചുവരികയാണ്. അനധികൃതമായി ഫലയുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയണ് ജപ്പാന്‍ ഇന്‍റര്‍നെറ്റ് സേവന ദാതാക്കളായ കമ്പനികള്‍ സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഡൌണ്‍ലോഡ് ചെയ്യുന്ന കമ്പനികളുടെ ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ റദ്ദാക്കാന്‍ ആണ് കമ്പനികളുടെ തീരുമാനം. ജപ്പാനിലെ ഇന്‍റര്‍നെറ്റ് സേവന ദാതാക്കളായ നാല് കമ്പനികളുടെ അസോസിയേഷനാണ് ഇത് നടപ്പാക്കുന്നത്. മ്യൂസിക്, സിനിമ, വീഡിയോ ഗെയിം വ്യവസായ രംഗത്തുള്ള കമ്പനികളുടെ തുടര്‍ച്ചയായ പരാതികളെ തുടര്‍ന്നാണ് ഈ നടപടി.

തുടര്‍ച്ചയായി അനധികൃത ഡൌണ്‍ലോഡിങ്ങ് നടത്തുന്നവര്‍ക്ക് നെറ്റ് സേവന ദാതാക്കള്‍ നോട്ടീസ് അയക്കുകയും എന്നിട്ടും ഇവര്‍ ഇത് തുടര്‍ന്നാല്‍ കണക്ഷനുകള്‍ കട്ട് ചെയ്യുമെന്നുമാണ് ജപ്പാന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിന് പകര്‍പ്പവകാശമുള്ളവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു പാനല്‍ രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ആദ്യമായിട്ടാണ് വ്യാജന്മാര്‍ക്കെതിരെ ഇത്തരത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്.

WEBDUNIA|
മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി ഇത്തരത്തില്‍ ഒരു നടപടിക്ക് മുതിര്‍ന്നെങ്കിലും പിന്നീട് നിയമ നടപടികളിലൂടെ പൈറസിയെ നേരിടുകയായിരുന്നു ചെയ്തത്. ജപ്പാനില്‍ 17.5 ലക്ഷം പേര്‍ ഫയല്‍ ഷെയറിങ്ങ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏറെയും പൈറേറ്റഡ് ആണത്രെ. എന്തായാലും വ്യാജന്മാരുടെ വ്യവസായം ഇനിയും കൊഴുക്കുകയാണെങ്കില്‍ ജപ്പാന്‍റെ വഴിയെ മറ്റ് രാജ്യങ്ങളും ഉടന്‍ എത്തുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :