ക്രെഡിറ്റ് കാര്‍ഡിലെ അപകടങ്ങള്‍

PROPRO
ഷോപ്പിങ്ങ് രംഗത്ത് അടുത്തയിടെ ഉണ്ടായ വിപ്ലവകരമായ മുന്നേറ്റമായി ക്രെഡിറ്റ് കാര്‍ഡ് സൌകര്യത്തെ ഒരു പരിധിവരെ വിശേഷിപ്പിക്കാം. മെട്രോ നഗരങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ക്രെഡിറ്റ് കാര്‍ഡ് സൌകര്യം ഉപയോഗപ്പെടുത്തി തുടങ്ങിയപ്പോള്‍ ചെറിയ നഗരങ്ങളും ഇതിന്‍റെ വഴിയിലേക്ക് തിരിഞ്ഞുകഴിഞ്ഞു. അഞ്ചക്ക ശമ്പളം ഒരു പ്രശ്നമല്ലാതായിരിക്കുന്ന യുവ തലമുറയാണ് ക്രെഡിറ്റ് കാര്‍ഡിന്‍റെ വക്താക്കളില്‍ ഏറെയും. കയ്യില്‍ ചില്ലിക്കാശില്ലെങ്കിലും കൈനിറയെ സാധനങ്ങളുമായി മടങ്ങുന്ന യുവതലമുറയാണ് ഇന്നുള്ളത്.

ഗുണങ്ങള്‍ ഉള്ളതുപോലെ തന്നെ ചില ദോഷങ്ങളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിനുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ഉയര്‍ന്ന വേതനവും മറ്റ് സൌകര്യങ്ങളും ലഭിച്ചു തുടങ്ങുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന്‍റെ പരിധി എവിടെ വരെയാകാമെന്ന് തീരുമാനിക്കുന്നതില്‍ യുവതലമുറ പരാജയപ്പെടുന്നു എന്നതായിരുന്നു ഇതുവരെ കാര്‍ഡിനെ കുറിച്ച് ഉയര്‍ന്നുകേട്ടിരുന്ന ആക്ഷേപം. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാശ് പിന്‍‌വലിക്കുമ്പോഴും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടാനിടയുണ്ട് എന്ന വസ്തുത പലരും തിരിച്ചറിയുന്നില്ല.

ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സേവനങ്ങളെ പ്രധാനമായും രണ്ട് രീതിയില്‍ തരംതിരിക്കാം. ഒന്ന് നിങ്ങളുടെ കയ്യില്‍ കാശില്ലെങ്കിലും കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നു. പകരം കാര്‍ഡ് സ്വയ്പ് ചെയ്താല്‍ മതി. ബാങ്ക് നല്‍കുന്ന സമയപരിധിക്കുള്ളില്‍ (സാധാരണ 40 മുതല്‍ 50 ദിവസം വരെ) ഈ തുക അടച്ചുതീര്‍ക്കുകയോ അല്ലെങ്കില്‍ മാസം തോറുമുള്ള തുകയായോ (ഇ എം ഐ) ഇത് നല്‍കാന്‍ കഴിയും. രണ്ടാമത്തെ സൌകര്യം നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബാങ്കില്‍ നിന്നും മുന്‍‌കൂറായി തുക പിന്‍‌വലിക്കാന്‍ കഴിയുന്നു എന്നതാണ്. ഈ രണ്ട് രീതിയിലും അപകടമുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഉയര്‍ന്ന പലിശ നിരക്ക് പലപ്പോഴും ഉപഭോക്താവ് ശ്രദ്ധിക്കുന്നില്ല.

മാസംതോറും നിങ്ങളെ തേടിയെത്തുന്ന ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്‍റില്‍ കാര്‍ഡ് ഉപയോഗിച്ച് പിന്‍‌വലിക്കാവുന്ന കാശിന്‍റെ പരിധി രേഖപ്പെടുത്തിയിട്ടുണ്ടാവും. പക്ഷെ ഇവിടെയാണ് നിങ്ങള്‍ ചതിയില്‍ അകപ്പെടുന്നത്. ഇങ്ങനെ പിന്‍‌വലിക്കുന്ന കാശിന് ബാങ്ക് ഏര്‍പ്പെടുത്തുന്ന വാര്‍ഷിക പലിശ നിരക്ക് 40 ശതമാനത്തോളമാണ്. സാധാരണ മാസംതോറും ഉള്ള പലിശ നിരക്കാണ് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ രേഖപ്പെടുത്താറുള്ളത്. സാധാരണ ഇത് 2.7 മുതല്‍ 2.85 ശതമാനം വരെയുള്ള നിരക്കിലാണ്. മാസം ഇങ്ങനെ കണക്കാന്നുന്ന പലിശ നിരക്ക് വാര്‍ഷിക നിരക്കില്‍ വരുമ്പോള്‍ 38 മുതല്‍ 40 ശതമാനം വരെയുള്ള നിരക്കിലാണ് എത്തിച്ചേരുന്നത്.

ബാങ്കുകളുടെ വായ്പാ പലിശ നിരക്ക് പരമാവധി 20 ശതമാനത്തില്‍ മാത്രം ഒതുങ്ങുമ്പോഴാന് ഈ കൊള്ളയെന്നത് പക്ഷെ, ആരും ശ്രദ്ധിക്കുന്നില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാശ് പിന്‍‌വലിക്കുമ്പോഴും കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതിന്‍റെ തുക പിന്നീടേയ്ക്ക് മാറ്റിവയ്ക്കുമ്പോഴും ഒരേ പലിശ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങളുടെ തുക നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ അടച്ചുതീര്‍ത്താല്‍ പലിശ ഈടാക്കാറില്ല. 35 മുതല്‍ 40 ദിവസം വരെയാണ് സാധാരണ ഈ സമയപരിധി. എന്നാല്‍ ഇതില്‍ നിങ്ങള്‍ വീഴ്ച വരുത്തിയാല്‍ ഈടാക്കുന്ന പലിശ വളരെ ഉയര്‍ന്നതായിരിക്കും.

കാര്‍ഡ് ഉപയോഗിച്ച് തുക പിന്‍‌വലിക്കുന്നതിന് ഈ ആനുകൂല്യം ലഭിക്കില്ല. കാരണം നിങ്ങള്‍ തുക പിന്‍‌വലിക്കുന്ന സമയത്തു തന്നെ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈ പലിശയും ഈടാക്കുന്നു. തുക പിന്‍‌വലിക്കുന്നതിന് ഒരു വിഡ്രോവല്‍ ഫീ കൂടി ഈടാക്കാറുണ്ട്. ഇത് സാധാരണ പിന്‍‌വലിക്കുന്ന തുകയുടെ മൂന്നു മുതല്‍ മൂന്നര ശതമാനം വരെയാകാനാണ്. അതും നിങ്ങളുടെ പലിശയുടെ ഒപ്പം കൂട്ടുന്നു.

WEBDUNIA|
ചുരുക്കത്തില്‍ അടിയന്തിര ഘട്ടത്തില്‍ അല്ലാതെ, ഒരു കാരണവശാലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുക പിന്‍‌വലിക്കരുത് എന്നര്‍ത്ഥം. ഒരുപക്ഷെ വ്യക്തിഗത വായ്പകളാവും അതിലും ലാഭകരം. വ്യക്തിഗത വായ്പകള്‍ 15 മുതല്‍ 20 ശതമാനം വരെയാണ് വാര്‍ഷിക പലിശ നിരക്ക്. എന്നാല്‍ വായ്പ ലഭിക്കുന്നതിന് ഏഴ് മുതല്‍ 10 വരെ പ്രവര്‍ത്തിദിവസങ്ങളുടെ താമസം നേരിടുമെന്നത് മാത്രമാണ് ഇതിലെ ഏക തടസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :