ഓണ്‍ലൈന്‍ ട്യൂഷന്‍ തരംഗമാകുന്നു

WEBDUNIA|
സ്വന്തം ഐ ടി സാക്ഷരത ഓണ്‍ലൈനില്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ തൊഴിലില്ലായ്‌മയുടെ രൂക്ഷത ഒരു പരിധിവരെ മറന്നു തുടങ്ങുകയാണ് ഇന്ത്യന്‍ ബിരുദ ധാരികള്‍. കഴിവ് കുറഞ്ഞ മറുനാടന്‍ കുട്ടികളെ അവരുടെ പഠനങ്ങളില്‍ സഹായിക്കുന്നതിന് ട്യൂഷന്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ വന്നതോടെ ഓണ്‍ലൈന്‍ ട്യൂഷനു പ്രചാരമേറുകയാണ്.

ക്ലാസ് റൂമുകള്‍, കണ്ണുരുട്ടലുകള്‍, ബോര്‍ഡ്, ചോക്ക് വിദ്യാഭ്യാസത്തിന്‍റെ പതിവ് സങ്കേതങ്ങള്‍ വിട്ട് മുറിവുകളും വേദനയുമില്ലാത്ത ഈ പാഠ്യപദ്ധതി ഓണ്‍ലൈന്‍ ട്യൂഷനില്‍ ഏര്‍പ്പെടുന്ന അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും ഒരു പോലെ ആസ്വദിക്കുന്നു. പ്രത്യേക സമയം ചാര്‍ട്ടു ചെയ്യണ്ട എന്നതിനാല്‍ മറ്റു ജോലികളും നടക്കും.

കമ്പ്യൂട്ടറും കീബോഡുകളും ഉപയോഗിച്ചുള്ള ഈ ട്യൂഷന് ഇന്ത്യയില്‍ പ്രൊഫഷണല്‍ സമീപനം വന്നു തുടങ്ങി. ഓണ്‍ ലൈനില്‍ വിദേശികള്‍ക്ക് ട്യൂഷന്‍ ഏര്‍പ്പാടാക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ വരെയുണ്ട്. ഈ രംഗത്തുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്നാണ് 20 ശതമാനം വിപണിയും കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ സര്‍ക്കാരിന്‍റെ ചെലവില്‍ നല്‍കാനുള്ള നിയമമുണ്ട്. ഈ നിയമത്തെ ഓണ്‍ ലൈനിലേക്ക് പ്രയോജനപ്പെടുത്തുന്നു എന്നതാണ് സ്ഥാപനങ്ങള്‍ ചെയ്യുന്നത്. പുറം പണിക്കരാറിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ഈ അവസരം മുതലാക്കുകയാണ്.

രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ ഈ വ്യവസായം വലിയ രൂപം പ്രാപിക്കുമെന്നു കരുതുന്നു. ഈ രംഗത്തെ വളര്‍ച്ച വര്‍ഷം 100 മുതല്‍ 150 ശതമാനം വരെയാകുമെന്നും കരുത്തുന്നു. പ്രത്യേകമായ ഒരു സമയം ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ തന്നെ പരീക്ഷ പോലുള്ള സന്ദര്‍ഭങ്ങളില്‍ ആധുനിക സോഫ്റ്റ്വേറുകളുടെ സഹായത്താല്‍ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും ലൈവായി ബന്ധപ്പെടാനുമാകും.

ലോകത്തുടനീളമായി 12 ബില്യണ്‍ ഡോളറിന്‍റെ ഓണ്‍ ലൈന്‍ ട്യൂഷന്‍ ബിസിനസ്സ് നടക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് ഇപ്പോള്‍ തന്നെ 3 ബില്യണാണ്. കുട്ടികള്‍ക്ക് ട്യൂഷന്‍ സെന്‍ററുകളില്‍ പോകാതെ തന്നെ പഠിക്കുന്നതിനും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അവസരം ലഭിക്കും. അതേ സമയം ഓണ്‍ ലൈന്‍ വഴി ട്യൂഷന്‍ നല്‍കുന്ന ഒരു പോര്‍ട്ടല്‍ തന്നെ തുടങ്ങാനും ഇന്ത്യയിലെ പല അദ്ധ്യാപകരും തീരുമാനിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :