*റഹ്‌മാന്‍റെ മനസ്സിലെ മായാത്ത ബഷീര്‍ സ്‌മരണ

WDFILE
1983 ന്‍റെ തുടക്കത്തിലാണെന്നാണ് എന്‍റെ ഓര്‍മ്മ. ഞാന്‍ ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ ബേപ്പൂരിലെ വീട്ടിലെത്തി ബഷീറിന്‍റെ ചലനങ്ങള്‍ പകര്‍ത്തുന്നു.

ആ സമയത്ത് ബേക്കല്‍ കോട്ടയില്‍പ്പോയി സന്ധ്യയുടെ പശ്ചാത്തലത്തില്‍ ചില രംഗങ്ങള്‍ പകര്‍ത്തിയാലോയെന്ന് തോന്നി. ബഷീര്‍ സമ്മതിച്ചു. ബഷീറിന്‍റെ കുടുംബത്തിന്‍റെ കൂടെ ഞങ്ങള്‍ കാറില്‍ അങ്ങോട്ട് പുറപ്പെട്ടു. കുഞ്ഞുണ്ണി മാഷും കൂടെയുണ്ട്. അവിടെയെത്തി സന്ധ്യയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നടത്തി.

ആ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കോട്ടയുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നടത്തുവാന്‍ എനിക്ക് ഒരു ആഗ്രഹം. എന്നാല്‍, ബഷീര്‍ അതിന് സമ്മതിക്കുന്നില്ല. അദ്ദേഹത്തിന് അപ്പോള്‍ തന്നെ പുറപ്പെടണം. അതനുസരിച്ച് ഞങ്ങള്‍ തിരിച്ച് പുറപ്പെട്ടു.

പഴയങ്ങാടിയിലെത്തിയപ്പോള്‍ കാറിന്‍റെ ബ്രേക്ക് പൊട്ടിയെന്ന് ഡ്രൈവര്‍ പറഞ്ഞു. കുഞ്ഞുണ്ണി മാഷ്, ബഷീറിന്‍റെ ഭാര്യ എന്നിവര്‍ കരച്ചില്‍ ആരംഭിച്ചു. ആ സമയം ബഷീര്‍ പറയുവാന്‍ തുടങ്ങി:‘ഞാന്‍ ഉത്തരേന്ത്യയില്‍ താമസിക്കുന്ന കാലം. ഒരു ദിവസം ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് ഞാന്‍ പുറത്തേക്ക് നടന്നു.

പുറത്ത് വിശ്രമിക്കുന്ന സമയത്ത് ഒരു മരം വന്ന് വീടിന്‍റെ മുകളില്‍ വന്നു വീണു‘. ഞാന്‍ അദ്‌ഭുതപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം രണ്ടാമത്തെ കഥ ആരംഭിച്ചു;‘ഒരു ദിവസം ഭാര്യയുമായി ബേപ്പൂര്‍ കടവിലെത്തി. ബസ്സ് ചങ്ങാടത്തില്‍ വെച്ചിരിക്കുന്നു. ഭാര്യയും ഞാനും ചങ്ങാടത്തില്‍ കയറിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ഭാര്യയെ വിളിച്ച് കരയിലേക്ക് ഇറങ്ങി. പകുതിയെത്തിയപ്പോള്‍ ആ ചങ്ങാടം മുങ്ങി‘.

കുറച്ചു സമയത്തിനുള്ളില്‍ കാര്‍ എന്തിലോ ഇടിച്ച് നിന്നു. ഞങ്ങള്‍ അടുത്ത കണ്ട വര്‍ക്‍ഷോപ്പിലേക്ക് കാര്‍ കയറ്റി. ബഷീറും ഭാര്യയും ടയറുകളുടെ മുകളില്‍ കയറിയിരുന്നു. ബഷീര്‍ തന്‍റെ വെപ്പ് പല്ല് ഭാര്യയുടെ കൈകളില്‍ കൊടുത്തു. അവരത് ഒരു പാത്രത്തിലെടുത്തിട്ടു. കാര്‍ നന്നാക്കുന്ന മെക്കാനിക്കായ പയ്യന്‍ ചോദിച്ചു:‘വൈക്കം മുഹമ്മദ് ബഷീര്‍ അല്ലേയത്?‘. ‘അതേ മകനേ ഞാന്‍ ബഷീര്‍ തന്നെ. പക്ഷെ എന്‍റെ പല്ല് ഇപ്പോള്‍ ഭാര്യയുടെ കൈയ്യിലാണ്;ബഷീര്‍ പറഞ്ഞു.

ഞങ്ങള്‍ തിരിച്ച് പുറപ്പെട്ടു. ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ ഇറങ്ങി. കുഞ്ഞുണ്ണി മാഷ് ശ്രീരാമകൃഷ്‌ണ ആശ്രമത്തിലും. പിറ്റേ ദിവസം ഞാനെത്തിയപ്പോഴാണ് അറിഞ്ഞത് കാറിലെ പെട്രോള്‍ കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പെട്രോള്‍ കൊണ്ട് വന്ന് നിറച്ചിട്ടാണ് ബഷീറും കുടുംബവും വീട്ടില്‍ എത്തിയതെന്ന്. ബഷീര്‍ എന്നോട് പറഞ്ഞു:‘എനിക്ക് നഷ്‌ടപരിഹാരം വേണം’.

WEBDUNIA|
ബഷീര്‍ ദ മാനെന്ന ഡോക്യുമെന്‍ററിയുടെ സംവിധായകനാണ് റഹ്‌മാന്‍*


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :