വീട് വേണോ? വില വെറും 32000 രൂപ!

ഹൈദരാബാദ്| WEBDUNIA|
കുറച്ചുകാലം മുമ്പ് ഒരു മാജിക് കാണിച്ചു. ഒരു ലക്ഷം രൂപയ്ക്ക് കാര്‍. പ്രഖ്യാപനം വന്നപ്പോള്‍ ആരും ആദ്യം അതത്ര കാര്യമാക്കിയില്ല. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പലരും പുച്ഛിക്കുകയും ചെയ്തു. എന്നാല്‍ ടാറ്റ അത് യഥാര്‍ത്ഥ്യമാക്കി. ‘ടാറ്റ നാനൊ’ ഇന്ന് റോഡുകളിലെ അത്ഭുതമാണ്.

അത്ഭുതപ്പെടുത്താന്‍ ടാറ്റ വീണ്ടുമൊരുങ്ങുകയാണ്. 32000 രൂപയ്ക്ക് വീട് നല്‍കുകയാണ് ടാറ്റ. ഇന്ത്യയിലെ ഗ്രാമീണ മേഖലകളെ ലക്‍ഷ്യമിട്ടാണ് ടാറ്റയുടെ പദ്ധതി. 2012ല്‍ പദ്ധതി നടപ്പാനാണ് പരിപാടി.

കമ്പിക്കും സിമെന്‍റിനും മണലിനുമൊക്കെ തീവില ഉള്ള ഇക്കാലത്ത് 32000 രൂപയ്ക്ക് വീട് എങ്ങനെ സാധ്യമാകുമെന്നാണോ? ടാറ്റയുടെ മാജിക് അവിടെയാണ്. മുന്‍‌കൂട്ടി തയ്യാറാക്കിയിട്ടുള്ള ചട്ടക്കൂടുകള്‍ ഉപയോഗിച്ചാണ് ഈ വീട് തയ്യാറാക്കുന്നത്. ‘ഹൌസ് കിറ്റ്’ എന്ന ആശയമാണ് നടപ്പാക്കുന്നത്. എവിടേക്കുവേണമെങ്കിലും മാറ്റി സ്ഥാപിക്കാവുന്ന രീതിയിലാണ് ഈ ചട്ടക്കൂട് നിര്‍മ്മിക്കുന്നത്. വാതിലുകളും ജനാലകളും മേല്‍ക്കൂരയും എല്ലാം ഉള്‍പ്പെട്ട ഒരു കിറ്റ് ആ‍ണിത്. വീട് എവിടെയാണ് വേണ്ടത് എന്ന് നിശ്ചയിച്ചിട്ട് അവിടേക്ക് കിറ്റ് എത്തിച്ച് എല്ലാം കൂട്ടിച്ചേര്‍ത്താല്‍ മതിയാകും. ഏഴു ദിവസം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കാനാകും.

ഈ കിറ്റിന്‍റെ ബേസിക് മോഡലിന് 20 ചതുരശ്ര മീറ്ററായിരിക്കും വിസ്തൃതി. 32000 രൂപ വിലയുള്ള ഈ കിറ്റ് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീടിന് പരന്ന മേല്‍ക്കൂരയായിരിക്കും. 30 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മോഡലുകള്‍, മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച മോഡലുകള്‍ എന്നിവയും ലഭ്യമാക്കും. 30 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മോഡലുകള്‍ക്ക് 44000 രൂപ ചെലവുവരും. 20 വര്‍ഷത്തെ ആയുസാണ് ഓരോ വീടിനും ടാറ്റ വാഗ്ദാനം നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :