വിസാ ചട്ടലംഘനം: 35 മില്യണ്‍ ഡോളര്‍ പിഴയടയ്ക്കാമെന്ന് ഇന്‍ഫോസിസ്

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
വിസാ ചട്ടലംഘനത്തിന് പിഴയായി 35 മില്യണ്‍ ഡോളര്‍ അടയ്ക്കാമെന്ന് ഇന്‍ഫോസിസ്. ബിസിനസ് വിസയായ ബി-1 വിസ ദുരുപയോഗം ചെയ്തതിന് യുഎസ് നീതിന്യായ വകുപ്പാണ് ഇന്‍ഫോസിസിനെതിരെ 35 മില്യണ്‍ ഡോളറിന്റെ പിഴ ചുമത്തിയത്. ഇന്‍ഫോസിസിനെതിരെ കനത്ത പിഴ നല്‍കുമെന്ന് അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സന്ദര്‍ശന വിസയായ ബി-1 വിസയിലെത്തുന്നവര്‍ മറ്റു തൊഴിലുകളിലേര്‍പ്പെടുന്നതിനുള്ള വിലക്ക് ലംഘിച്ച് ഇന്‍ഫോസിസ് സോഫ്ട്വെയര്‍ എഞ്ചിനീയര്‍മാരെ അമേരിക്കയിലെത്തിച്ച് ജോലി ചെയ്യിപ്പിച്ചെന്നാണ് ആരോപണം. ഇന്‍ഫോസിസിനെതിരെ അമേരിക്കന്‍ ആഭ്യന്തര വകുപ്പിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് പിഴ ഒടുക്കാമെന്ന് ഇന്‍ഫോസിസ് വെളിപ്പെടുത്തിയത്.

വിസാപ്രശ്‌നത്തില്‍ അമേരിക്കയുമായി തങ്ങള്‍ ധാരണയിലെത്തിയതായി നേരത്തെ ഇന്‍ഫോസിസ് അവകാശപ്പെട്ടിരുന്നു. ഫോം 1-9, ബി-1 വിസ എന്നീ വിഷയങ്ങളില്‍ തങ്ങള്‍ യുഎസ് അറ്റോര്‍ണിയുമായി ധാരണയിലെത്തിയതായും ഇതിന്റെ ഭാഗമായി നിയമച്ചെലവടക്കം 35 മില്യണ്‍ ഡോളര്‍ യുഎസ് സര്‍ക്കാരില്‍ കെട്ടിവെക്കുമെന്നും ഇന്‍ഫോസിസ് എംഡി എസ് ഡി ഷിബുലാല്‍ വ്യക്തമാക്കിയിരുന്നു.

തൊഴിലാളിയുടെ ഐഡന്റിറ്റിയും യോഗ്യതയും പരിശോധിച്ച് അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് യോഗ്യനാണെന്ന് കാണിച്ച് കമ്പനി നല്‍കേണ്ട രേഖകളാണ് ഫോം1-9. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും ഇത് നല്‍കേണ്ടതുണ്ട്. 2011 മെയിലാണ് ബി-1 വിസാ ചട്ടം ലംഘിച്ചതിന് ഇന്‍ഫോസിസിനെതിരെ ടെക്‌സാസ് കോടതി കേസെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :