രാജ്യം 1991ലേതിന് സമാനമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ? ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് രൂപ തകര്‍ന്നടിഞ്ഞത്. നാണ്യവിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 68.02 എന്ന പരിതാപകരമായ നിലയിലാണ്. 178 പൈസയുടെ നഷ്ടമാണ് ഇന്ന് മാത്രം സംഭവിച്ചിരിക്കുന്നത്.
ധനക്കമ്മി ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയെ ചരിത്ര തകര്‍ച്ചയിലേക്ക് നയിച്ചത്. രാജ്യത്ത് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതാണ് ധനക്കമ്മി ഉയര്‍ത്തുമെന്ന ആശങ്കയ്ക്ക് കാരണം. ഈയാഴ്ച ഇതുവരെ ഏഴു ശതമാനവും ഓഗസ്റ്റില്‍ ഇതുവരെ ഏതാണ്ട് 12 ശതമാനവും നഷ്ടമാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.
മാസാവസാനം ആയതിനാല്‍ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍തോതില്‍ ഡിമാന്‍ഡ് ഉണ്ടായതും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി. ഈ നില തുടര്‍ന്നാല്‍ അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രൂപയുടെ മൂല്യം 70ല്‍ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഓഹരി വിപണിയും തകര്‍ന്നടിഞ്ഞു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 469.20 പോയിന്റ് ഇടിഞ്ഞ് 17,498.88ലും ദേശീയ സൂചിക നിഫ്റ്റി 137.80 പോയിന്റ് ഇടിഞ്ഞ് 5,150.10ലുമെത്തി. നിഫ്റ്റി ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.
ഓഹരി വിപണിയുടെ ഇടിവിന് കാരണം രൂപയുടെ കനത്ത തകര്‍ച്ചയും ആഗോള വിപണികളിലെ ഇടിവുമാണ്. ആഗോള വിപണിയും ഇടിവിലായത് തകര്‍ച്ചയ്ക്ക് കാരണമാണ്. സിറിയയെ ആക്രമിക്കാന്‍ സജ്ജമാണെന്ന അമേരിക്കയുടെ പ്രഖ്യാപനവും സിറിയക്കെതിരായ സൈനിക നീക്കം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന റഷ്യയുടെയും ഇറാന്റെയും പ്രഖ്യാപനവും ആഗോള വിപണിയെ ദോഷമായി ബാധിച്ചു.