രൂപ കൂപ്പുകുത്തുന്നു; കേന്ദ്രസര്‍ക്കാര്‍ നെട്ടോട്ടമോടുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡോളറുമായുള്ള വിനിമയത്തില്‍ റെക്കോഡുകള്‍ ഭേദിച്ച് രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ നെട്ടോട്ടത്തില്‍.

ധനമന്ത്രി പി ചിദംബരം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെക്കണ്ട് ചര്‍ച്ചനടത്തി. റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ഡി സുബ്ബറാവുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെയാണ് ചിദംബരം പ്രധാനമന്ത്രിയെ കണ്ടത്. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിലവിലെ സാമ്പത്തികസ്ഥിതി അദ്ദേഹം പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തതായാണ് അറിവ്.

ബാങ്കുകളില്‍നിന്നും ഇറക്കുമതിക്കാരില്‍നിന്നും ആവശ്യം കൂടിയതോടെ വിദേശവിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണം. ഇതോടെ, ഇന്ത്യയിലെ ഉത്പാദനത്തിനും കയറ്റുമതിയിലും വീഴ്ചയുണ്ടായി. പണപ്പെരുപ്പം കൂടി. ഇത്‌സംബന്ധിച്ച് തിങ്കളാഴ്ച പുറത്തുവന്ന രേഖകള്‍ കറന്റ് അക്കൗണ്ട് കമ്മി റെക്കോഡ് നിലയിലെത്തിയിരിക്കുന്ന വിപണിയെ കൂടുതല്‍ ആശങ്കപ്പെടുത്തി. ഒരുമാസം മുമ്പ് 4.7 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക് ജൂണ്‍ മാസത്തില്‍ 4.86 ശതമാനമായി ഉയര്‍ന്നു.

ആര്‍ബിഐ ഗവര്‍ണര്‍ സുബ്ബറാവുവുമായി ചിദംബരം നടത്തിയ ചര്‍ച്ചയിലും രൂപയുടെ രക്ഷാപ്രവര്‍ത്തനം തന്നെയാണ് മുഖ്യവിഷയമായത്. രാജ്യത്തെ മൊത്തം സാമ്പത്തികസ്ഥിതിയും ചര്‍ച്ചയ്ക്ക് വിഷയമായി. ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം, മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് രഘുറാം രാജന്‍, അഡീഷണല്‍ സെക്രട്ടറി കെപി കൃഷ്ണന്‍ എന്നിവരും സുബ്ബറാവുവുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :