മുസ്‌ലിപവര്‍ എക്സ്ട്ര നിരോധിച്ചു

WEBDUNIA|
വെള്ളൂരിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന മുസ്‌ലി പവര്‍ എക്‌സ്ട്രാ എന്ന മരുന്നിന്റെ ഉത്പാദനവും വിപണനവും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. മുസ്‌ലി പവര്‍ എക്സ്ട്രയുടെ ഉടമ എബ്രഹാം(ഇദ്ദേഹം ഡോക്ടറാണെന്ന് അവകാശപ്പെടുന്നു) രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കയ്യില്‍ നിന്ന് പുരസ്കാരം വാങ്ങുന്ന വ്യാജചിത്രം മാധ്യമങ്ങളില്‍ പരസ്യമായി നല്‍കിയിരുന്നു. ഇത് രാഷ്ട്രപതിഭവന്റെ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്നാണ് നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലഭിച്ച അനേകം പരാതികള്‍ പരിഗണിച്ചാണ് മുസ്‌ലി പവര്‍ നിരോധിച്ചത്. കോടതികളില്‍ ഇതുസംബന്ധിച്ച് നിരവധി കേസുകളും നിലനില്‍ക്കുന്നുണ്ട്. ആയുര്‍വേദമരുന്നുകള്‍ ഉല്പാദിപ്പിക്കുന്നതിനായി അംഗീകരിച്ച ഫോര്‍മുലയ്ക്ക് വിരുദ്ധമായാണ് മുസ്‌ലീ പവ്വര്‍ എക്‌സ്ട്ര ഉല്പാദിപ്പിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ഇടപെട്ടിരുന്നു. പിന്നീട് ഫോര്‍മുല മാറ്റി വീണ്ടും ഉല്പാദനം നടത്തുകയായിരുന്നു. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമയായ ഡോ എബ്രഹാമിന്റെ ആരോഗ്യ രംഗത്തെ ബിരുദം സംബന്ധിച്ചും പരാതിയുണ്ട്. വിദേശ സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റാണ് ഇദ്ദേഹം ഹാജരാക്കിയിട്ടുള്ളത്. ഇതിന്റെ വിശ്വാസ്യതയില്‍ ആരോഗ്യവകുപ്പിന് സംശയമുണ്ട്.

കൂടാതെ എച്ച് ഐ വി ബാധിതര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മുസ്‌ലി പവ്വര്‍ എക്‌സ്ട്രയ്ക്കു കഴിയുമെന്ന പഠന റിപ്പോര്‍ട്ടിനെതിരെ ഡോക്ടര്‍മാര്‍ നേരത്തെ രംഗത്തു വന്നിരുന്നു. ഒരു കച്ചവടക്കാരനും പുരോഹിതനും ഒത്തുചേര്‍ന്ന് എച്ച്.ഐ.വി ബാധിതരെ വഞ്ചിക്കുകയാണെന്നാരോപിച്ചാണ് ഡോക്ടര്‍മാര്‍ രംഗത്തിറങ്ങിയത്.

2010 ഡിസംബര്‍ 1നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫാ.തോമസ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം, എച്ച്.ഐ.വി ബാധിതരുടെ സാക്‍ഷ്യപ്പെടുത്തല്‍ എന്നിവ മരുന്നിന് അനുകൂലമായി പ്രചരിപ്പിച്ചു. രോഗബാധിതരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള കഴിവ് ഈ മരുന്നിനുണ്ടെന്നാണ് ഫാ.തോമസ് അവകാശപ്പെട്ടത്.

2010 മെയില്‍ ആരംഭിച്ച പഠനം അവസാനിച്ചത് നവംബറിലാണ്. പഠനത്തിനായി രജിസ്റ്റര്‍ ചെയ്ത 618 പേരില്‍ നിന്നും തിരഞ്ഞെടുത്ത 55 സ്ത്രീകളിലും 18 പുരുഷന്‍മാരിലുമാണ് പഠനം നടത്തിയത്. ഇവരില്‍ നിന്ന് 23പുരുഷരും നാല് സ്ത്രീകളും അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇവരിലാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ശ്വേതരക്താണുക്കള്‍ കൂടിയതായി ‘കണ്ടെത്തിയത്’. മരുന്ന് പരീക്ഷണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും മെഡിക്കല്‍ കേന്ദ്രങ്ങളുടേയും അനുമതി ആവശ്യമുണ്ട്. ഈ അനുമതി തേടാതെയാണ് മുസ് ലീപവ്വര്‍ എക്‌സ്ട്ര പരീക്ഷണം നടത്തിയത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും ഈ മരുന്ന് ഗുണകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജനങ്ങള്‍ ഇവ ഉപയോഗിക്കരുതെന്നും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അഡീ. പ്രോജക്ട് ഡയറക്ടര്‍ ഡോ. പി.വി. വേലായുധന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നടി ശ്വേതാ മേനോന്റെ ചിത്രം അനുമതിയില്ലാതെ പരസ്യത്തിനുപയോഗിച്ചതിനെതിരെ നടിക്ക് കോടതിയില്‍ പോകേണ്ടി വന്നിരുന്നു. തന്റെ ചിത്രം ഉപയോഗിക്കരുതെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും എബ്രഹാം വഴങ്ങിയില്ലെന്ന് ശ്വേത ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :