കേന്ദ്രമന്ത്രിയുടെ കുടുംബത്തിനായി എയര്‍ ഇന്ത്യ കൂടുതല്‍ സൌകര്യമുള്ള വിമാനം അനുവദിച്ചത് വിവാദമാകുന്നു. മുന്‍ വ്യോമയാനമന്ത്രിയായ പ്രഫുല്‍ പട്ടേലിന്റെ കുടുംബത്തിന് എ320 വിമാനം അനുവദിച്ചതാണ് വിവാദമാകുന്നത്.
കേന്ദ്രമന്ത്രിയുടെ കുടുംബത്തില്‍ ബാംഗ്ലൂരില്‍ നിന്ന് മാലദ്വീപിലേക്ക് പോകാനാണ് എയര്‍ ഇന്ത്യ വിമാനം അനുവദിച്ചത്. ഐസി 965ല്‍ ഏഴു ബിസിനസ് ക്ലാസ് സീറ്റുകളാണ് ഔദ്യോഗികമായി അനുവദിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഉന്നത തല നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൂടുതല്‍ സൗകര്യമുള്ള എ320 വിമാനം അനുവദിക്കുകയായിരുന്നു. 2010 ഏപ്രിലില്‍ നടന്ന ഈ സംഭവം ഇപ്പോള്‍, വിവരാവകാശ നിയമ പ്രകാരം പുറത്തുവന്ന രേഖകളില്‍ നിന്നാണ് വ്യക്തമാകുന്നത്.
മന്ത്രിയുടെ മകള്‍ അവ്‌നിയും ബന്ധുക്കളുമാണ് ബാംഗ്ലൂരില്‍ നിന്ന് മാലദ്വീപിലേക്ക് പോയത്. വിമാനം മാറിയതോടെ ബിസിനസ് ക്ലാസില്‍ ഏഴു സീറ്റുകളിലും എക്കണോമി ക്ലാസില്‍ 47 സീറ്റുകളിലും ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല. മടക്ക യാത്രയില്‍ എട്ട് ബിസിനസ് ക്ലാസ് സീറ്റുകളും 52 എക്കണോമിക് ക്ലാസ് സീറ്റുകളും കാലിയായിരുന്നു. എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ നടപടി.