ന്യുഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 13 ജനുവരി 2010 (10:14 IST)
PRO
രാജ്യത്ത് ഭക്ഷ്യവില കുതിച്ചുയരുനത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് കമ്മിറ്റി ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ അധ്യക്ഷതയിലാണ് പ്രത്യേക മന്ത്രിസഭാ സമിതി യോഗം ചേരുന്നത്. ഭക്ഷ്യ വിലപ്പെരുപ്പം 20 ശതമാനത്തിനടുത്ത് എത്തി നില്ക്കുന്ന സാഹചര്യത്തിലാണ് യോഗം. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഭക്ഷ്യവില നിയന്ത്രിക്കുന്നതിന് പഞ്ചസാര അടക്കമുള്ള ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള തീരുമാനമാണ് ഇന്നത്തെ യോഗത്തിലുണ്ടാകുക. അതേസമയം, രാജ്യത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ സ്ഥിതി സംബന്ധിച്ച് ധനമന്ത്രി പ്രണാബ് മുഖര്‍ജിയുമായും പെട്രോളിയം മന്ത്രി മുരളി ദേവ്റയുമായും പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പെട്രോളിന് മൂന്ന് രൂപ വരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഡീസലിനും ക്രമാനുഗതമായ വര്‍ധനയുണ്ടാകും.
ഭക്ഷ്യവില നിയന്ത്രിക്കാന്‍ പാടുപെടുന്നതിനിടയില്‍ എണ്ണവില വര്‍ധിപ്പിച്ചാല്‍ അത് കൂടുതല്‍ പ്രത്യാഘാതമുണ്ടാക്കാനിടയുണ്ട്. 2009 ജനുവരിയെ അപേക്ഷിച്ച് ഈ വര്‍ഷം ഇരട്ടിയിലധികമാണ് പഞ്ചസാര വില. പഴങ്ങളുടേയും പച്ചക്കറികളുടേയും വിലയിലും വന്‍ കുതിപ്പുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കവും വരള്‍ച്ചയുമാണ് വിലവര്‍ധനയ്ക്ക് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്തെ പഞ്ചസാര ഉത്പാദനം ഗണ്യമായി കുറഞ്ഞതായും 40 ലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യുമെന്നും കേന്ദ്ര കൃഷി മന്ത്രി ശരദ്പവാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.