സ്വകാര്യ മേഖലയിലും ബാങ്ക് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്കും ബാങ്കിംഗ് ലൈസന്‍സുകള്‍ അനുവദിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം ഈ മേഖലയില്‍ പുതിയ മത്സരത്തിന് വഴി തെളിക്കുന്നു. പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഇത്തരം നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സിനായി ആര്‍ബിഐയെ സമീപിക്കാനുള്ള അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞു.
പത്ത് വര്‍ഷത്തിന് ശേഷമാണ് സ്വകാര്യ മേഖലയില്‍ ബാങ്കിംഗ് ലൈസന്‍സ് നല്‍കാന്‍ ആര്‍ബിഐ തയ്യാറെടുക്കുന്നത്. രണ്ടായിരത്തില്‍ കൊടാക് മഹീന്ദ്രയ്ക്കും യെസ് ബാങ്കിനുമാണ് ആര്‍ബിഐ അവസാനമായി ഇത്തരത്തില്‍ ബാങ്കിംഗ് ഇടപാടിന് ലൈസന്‍സ് നല്‍കിയിരുന്നത്. ബജറ്റിലെ പ്രഖ്യാപനത്തോടെ സ്വകാര്യമേഖലയിലെ ഏതാണ്ട് ഒരു ഡസനോളം സ്ഥാപനങ്ങളാണ് ലൈസന്‍സിനായി പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
ടാറ്റ, അനില്‍ അംബാനി ഗ്രൂപ്പ്, ആദിത്യ ബിര്‍ല ഗ്രൂപ്പ്,ഐഡിഎഫ്സി, ഇന്ത്യാ ബുള്‍സ്, റെലിഗെയര്‍, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, എല്‍ ആന്‍റ് ടി, ശ്രീ റാം ഫിനാന്‍സ്, ചോളമണ്ഡലം ഗ്രൂപ്പ് തുടങ്ങിയ മുന്‍നിര കമ്പനികളാണ് പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുള്ളത്. എല്‍ ആന്‍റ് ടിയും റിലയ്ന്‍സും ബാങ്കിംഗ് മേഖലയിലേക്ക് കടക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.
അതേസമയം കേരളത്തിലെ ബാങ്ക് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ ലൈസന്‍സിനായി അമിത താല്‍പര്യമെടുക്കുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കാത്തിരുന്ന് തീരുമാനമെടുക്കുക എന്ന നയമാണ് സംസ്ഥാനത്തെ ഇത്തരം സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.