ബഹ്‌റിനില്‍ നിന്ന് പോരൂ, ജോലിക്കാരോട് കമ്പനികള്‍!

മനാമ| WEBDUNIA|
PRO
PRO
ടാറ്റാ കണ്‍‌സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങി രാജ്യത്തെ പ്രമുഖ ഐടി കമ്പനികളെല്ലാം ബഹ്‌റിനില്‍ നിന്ന് ജോലിക്കാരോട് തിരിച്ച് വരാന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയപ്രക്ഷോഭം നടക്കുന്ന ബഹ്‌റിനിലെ സ്ഥിതിഗതികള്‍ വീണ്ടും മോശമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാലാണ് തങ്ങള്‍ ജോലിക്കാരെ തിരിച്ച് വിളിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ബഹ്‌റിനിലെ ഇപ്പോഴത്തെ സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്നും അവിടുത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിപ്രോ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ആനന്ദ്‌ ശങ്കരന്‍ പറഞ്ഞു. തങ്ങളുടെ 17 ജീവനക്കാര്‍ ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്‌. അവശേഷിക്കുന്ന ജീവനക്കാര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ 20 ജീവനക്കാരെ ഇന്ത്യയിലേക്കു തിരിച്ചുവിളിച്ചതായി രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ ടാറ്റാ കണ്‍‌സള്‍ട്ടന്‍സി സര്‍വീസസ് അറിയിച്ചു. ഇന്‍ഫോസിസും ജീവനക്കാരെ തിരിച്ചുവിളിച്ചിട്ടുണ്ട്‌. ഭൂകമ്പവും സുനാമിയും താണ്ഡവമാടിയ ജപ്പാനില്‍ നിന്നു ജീവനക്കാരെ ഐ.ടി കമ്പനികള്‍ നേരത്തെ തന്നെ തിരിച്ചുവിളിച്ചിട്ടുണ്ട്‌.

ഏകദേശം മൂന്നുലക്ഷം ഇന്ത്യക്കാര്‍ ബഹ്‌റിനില്‍ ഉണ്ടെന്നാണ് ഔദ്യോഗികക്കണക്ക്. കലാപം നടക്കുന്ന ബഹ്‌റിനില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ പല ആഴ്ചകളായി ബഹ്‌റിനിലെ ഏകാധിപത്യ ഭരണത്തിനെതിരെ കലാപകാരികള്‍ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സൌദി അറേബ്യയില്‍ നിന്നുള്ള സൈന്യത്തിന്റെ സഹായത്താല്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ബഹ്‌റിന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും, പ്രക്ഷോഭം നയിക്കുന്ന ഷിയ മതവിഭാഗം ഭൂരിപക്ഷമാണ് എന്നതിനാലും അവര്‍ക്ക് ഇറാനില്‍ നിന്ന് സഹായം ഉണ്ട് എന്നതിനാലും എപ്പോള്‍ വേണമെങ്കിലും പ്രക്ഷോഭം മൂര്‍ച്ഛിക്കാം എന്നാണ് കരുതപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :