യെമനില്‍ പോലീസിന്റെ വെടിയേറ്റ് രണ്ടു പേര്‍ മരിച്ചു. യെമന്‍ പ്രസിഡന്‍റ് അലി അബ്ദുള്ള സലേഹിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നവര്‍ വ്യാഴാഴ്ചയും ഏറ്റുമുട്ടി. തലസ്ഥാനമായ സനാ, ആദന്‍, തെയിസ് എന്നിവിടങ്ങളില്‍ ഇവര്‍ റാലി നടത്തി. സമരക്കാര്‍ക്കു നേരെയുണ്ടായ വെടിവെപ്പിലാണ് രണ്ടു പേര്‍ മരിച്ചത്.
ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലും സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടി. ഇന്‍റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴി രാജ്യത്ത് വന്‍ പ്രക്ഷോഭപരിപാടികള്‍ക്ക് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഏകാധിപത്യ ഭരണകൂടങ്ങളെ അടിച്ചമര്‍ത്താന്‍ ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളെയാണ് മറ്റു രാജ്യങ്ങള്‍ മാതൃകയാക്കുന്നത്. ഇറാനിലേയും ലിബിയയിലേയും പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച യു എസ് പ്രസിഡന്‍റ് ബരാക് ഒബാമ ബെഹ്‌റൈനിലെ കലാപങ്ങളില്‍ ആശങ്കപ്രകടിപ്പിച്ചിട്ടുണ്ട്.