പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി| rahul balan| Last Updated: തിങ്കള്‍, 29 ഫെബ്രുവരി 2016 (10:53 IST)
പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റേതാണ് തീരുമാനം.

കമ്പനിയും പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന ഭാരവാഹികളുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പമ്പുകള്‍ സമരത്തിലേക്ക് നീങ്ങിയത്. സര്‍ക്കാറില്‍ നിന്നും ലഭിക്കേണ്ട മിക്ക ലൈസന്‍സുകളും കമ്പനികള്‍ എടുത്ത് നല്‍കിയിരുന്നു. അതിനായി 1,000 ലിറ്റര്‍ പെട്രോളിന്‍മേല്‍ 47 രൂപയും ഡീസലിന്‍മേല്‍ 43 രൂപയും ഈടാക്കുന്നുണ്ട്. കൂടാതെ ഡീലര്‍ കമ്മിഷനില്‍ നിന്ന് നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ് റിക്കവറിയായി ഡീലര്‍മാര്‍ നേരിട്ടും നല്‍കുന്നുണ്ട്.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊല്യൂഷന്‍, ഫയര്‍ഫോഴ്‌സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് നല്‍കാന്‍ കമ്പനികള്‍ ഇപ്പോള്‍ തയ്യാറാവുന്നില്ല. ഈ പ്രതിസന്ധിയാണ് ഡീലര്‍മാരെ സമരത്തിലേക്ക് നയിച്ചത്. കേരളത്തിലെ മിക്ക പമ്പുകളും നിലവില്‍ നഷ്ടത്തിലാണ്. ഈ ഒരു സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കുന്നതും ഡീലര്‍മാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് പമ്പുകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുക.

കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ തോമസ് വൈദ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം രാധാകൃഷണന്‍, ട്രഷറര്‍ റാം കുമാര്‍, വൈസ് പ്രസിഡന്റ് വി മുഹമ്മദ്, രവിശങ്കര്‍, ജൂണി കുതിരവട്ടം, ലൂക്ക് തോമസ്, ജോര്‍ജ് ജോസഫ് പാലയ്ക്കല്‍, ഇ എന്‍ എല്‍
മേനോന്‍, സുരേഷ് ബാബു, വെങ്കിടേശ്വരന്‍, അരവിന്ദന്‍, ഹാരീസ്, രജിത് രാജരത്‌നം തുടങ്ങിയവര്‍ സംസാരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :