നെക്സസ് വണ്‍ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തുന്നു

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ശനി, 15 മെയ് 2010 (17:01 IST)
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണ്‍ നെക്സസ് വണ്ണിന്റെ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തുന്നു. ഓണ്‍ലൈന്‍ വെബ്സ്റ്റോര്‍ നിര്‍ത്തുകയാണെന്നും നെക്സസ് വണ്‍ ഇനി മുതല്‍ റീട്ടെയില്‍ കേന്ദ്രങ്ങള്‍ വഴി മാത്രമെ വിതരണം ചെയ്യൂവെന്നും ഗൂഗിള്‍ അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് നെക്സസ് വണ്‍ വില്‍പ്പനയ്ക്കായി ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങിയത്.

എന്നാല്‍, വലിയ പ്രതീക്ഷകളുമായി പുറത്തിറക്കിയ ഗൂഗിളിന്റെ ആദ്യ ഇലക്ട്രോണിക്സ് ഉല്‍പ്പന്നത്തിന് വിപണിയില്‍ വേണ്ടത്ര നേട്ടം ഇതുവരെ കൈവരിക്കാനായിട്ടില്ല. സ്മാര്‍ട്ട് ഫോണ്‍ നെക്സസ് വണ്‍ ആദ്യ മാസത്തില്‍ 80,000 സെറ്റുകളാണ് വില്‍പ്പന നടന്നത്. പുറത്തിറങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ ഇരുപതിനായിരം മൊബൈലുകള്‍ വില്‍പ്പന നടന്നു.

വിപണിയില്‍ മറ്റു കമ്പനികളുടെ സ്മാര്‍ട്ട് സെറ്റുകളുമായി വിജയിക്കണെമെങ്കില്‍ കൂടുതല്‍ സാങ്കേതിക സേവനം ഉള്‍പ്പെടുത്തേണ്ടതുണ്ട്. നെക്സസ് വണ്ണിന്റെ ആദ്യ പതിപ്പായതിനാല്‍ വിപണിയില്‍ വേണ്ടത്ര വില്‍പ്പന നടക്കുന്നില്ല. ആപ്പിള്‍, റിം എന്നീ കമ്പനികളുടെ സ്മാര്‍ട്ട് ഫോണ്‍ സെറ്റുകളുടെ ആദ്യ പതിപ്പുകള്‍ പുറത്തിറക്കിയപ്പോഴും വില്‍പ്പനയില്‍ മാന്ദ്യം പ്രകടമായിരുന്നു.

എന്നാല്‍, നെക്സസ് വണ്‍ സ്മാര്‍ട്ട് ഫോണ്‍ ഭാവിയില്‍ വന്‍‌കിട കമ്പനികള്‍ക്കൊക്കെ ഭീഷണിയാകുമെന്നാണ് കരുതുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് വിപണി സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. തായ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ എച്ച് ടി സിയുമായി സഹകരിച്ചാണ് ഗൂഗിള്‍ ഫോണ്‍ വിപണിയിലെത്തിച്ചത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നെക്സസ് വണ്‍ സ്മാര്‍ട്ട് ഫോണിന് 130 ഗ്രാം തൂക്കവും 11.5 മി മീറ്റര്‍ കനവുമുണ്ട്. ടച്ച് സ്ക്രീനില്‍ പ്രവര്‍ത്തിക്കുന്ന സെറ്റില്‍ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായ മിക്ക സേവനങ്ങളും ഗൂഗിള്‍ ഫോണിലും ലഭ്യമാണ്. ഏകദേശം ഇരുപത്തയ്യായിരം രൂപ വില പ്രതീക്ഷിക്കുന്ന നെക്സസ് വണ്‍ ലോകത്തെ വിവിധ ഏജന്‍സികള്‍ വഴിയും ഗൂഗിള്‍ വെബ്സൈറ്റിലൂടെയും വിതരണം ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :