ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സാങ്കേതിക ലോകത്തും ജനപ്രിയന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിവരങ്ങളും ചിത്രങ്ങളും തേടി നിരവധി പേരാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിലെത്തിയത്.
ഐ പി എല്‍ മൂന്നാം ടൂര്‍ണമെന്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ നെറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞതും സച്ചിനെയായിരുന്നു. കൊല്‍ക്കത്തയുടെ ‘ദാദ’, സൗരവ് ഗാംഗുലിയും നെറ്റില്‍ പ്രിയന്‍ തന്നെയാണ്. സെര്‍ച്ചിംഗില്‍ സൌരവ് ഗാംഗുലിയാണ് രണ്ടാം സ്ഥാനത്ത്.
രണ്ടാം ഐ പി എല്‍ ടൂര്‍ണമെന്റില്‍ പൂര്‍ണ പരാജയമായിരുന്ന സച്ചിന്‍ നെറ്റില്‍ ‘ഫെയ്ക് ഐ പി എല്‍ പ്ലേയര്‍’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രണ്ടാം സീസണില്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും വെടിക്കെറ്റ് ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗും സെര്‍ച്ചിംഗില്‍ മൂന്നും ഏഴും സ്ഥാനങ്ങള്‍ നേടിയെങ്കില്‍ മൂന്നാം സീസണില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഐ പി എല്‍ മൂന്നാം ടൂര്‍ണമെന്റിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിദേശതാരം ഷെയ്ന്‍ വോണ്‍ ആണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഷെയ്‌ന്‍ വോണ്‍ ഗൂഗിള്‍ സെര്‍ച്ചിംഗില്‍ ഒന്നാമതെത്തുന്നത്. സെര്‍ച്ചിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ മൂന്ന് വിദേശതാരങ്ങളും ഇടം നേടി. ഷെയ്ന്‍ വോണ്‍ എട്ടാം സ്ഥാനത്താണ്.
ഐ പി എല്‍ രണ്ടാം ടൂര്‍ണമെന്റിലെ നെറ്റ് തിരച്ചിലില്‍ ഓസീസ് താരം ബ്രറ്റ് ലീ ആറാം സ്ഥാനവും ആദം ഗില്‍ക്രിസ്റ്റ് ഏഴാം സ്ഥാനവും റിയാന്‍ ഹാരിസ് എട്ടാം സ്ഥാനവും നേടിയിരുന്നു. മൂന്നാം സീസണില്‍ നെറ്റില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട രണ്ട് ടീമുകള്‍ ഡെക്കാന്‍ ചാര്‍ജേസും മുംബൈ ഇന്ത്യന്‍സുമാണ്.
ഐ പി എല്ലുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ ഏറ്റവുമധികം സേര്‍ച്ച് ചെയ്യപ്പെട്ടത് രണ്ടാം സീസണിലെ സൂപ്പര്‍ ഓവര്‍ ആണ്. രാജസ്ഥാന്‍ റോയല്‍സ് താരം യൂസഫ് പത്താന്റെ ബാറ്റിംഗ് വീഡിയോയാണ് യൂട്യൂബില്‍ ഏറ്റവും അധികം അന്വേഷിച്ചെത്തിയത്.