നിബന്ധനകള്‍ ലഘൂകരിച്ചു; കൂടുതല്‍ ബാങ്കുകള്‍ക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാം

മുംബൈ| WEBDUNIA|
PRO
PRO
സ്വര്‍ണം ഇറക്കുമതിക്ക് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകള്‍ കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചു. ഇതിന്റെ ഭാഗമായി അഞ്ച് ആഭ്യന്തര സ്വകാര്യബാങ്കുകള്‍ക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. എച്ച്ഡിഎഫ്സി , ആക്‌സിസ്, കൊട്ടക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ്, യെസ് ബാങ്കുകള്‍ക്കാണ് പുതുതായി ഇറക്കുമതി നടത്താനുള്ള അനുമതി ലഭിച്ചത്. വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി സ്വര്‍ണാഭരണ കയറ്റുമതി നടത്തുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് വ്യാപാര ഏജന്‍സികള്‍ക്കും ആറ് ബാങ്കുകള്‍ക്കും മാത്രമേ സ്വര്‍ണം ഇറക്കുമതിചെയ്യാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ അഞ്ചിലൊന്ന് കയറ്റുമതിക്കായി ഉപയോഗിക്കണമെന്ന കര്‍ശന വ്യവസ്ഥയും കഴിഞ്ഞ ജൂലായ് മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം അനുമതി ലഭിച്ചിട്ടുള്ള സ്വകാര്യബാങ്കുകള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഏതെങ്കിലും തരത്തിലുള്ള സ്വര്‍ണക്കയറ്റുമതി നടത്തിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി.

ഇതോടെ രാജ്യത്തേക്കെത്തുന്ന സ്വര്‍ണത്തിന്റെ അളവ് 40 ടണ്ണായി ഉയരും. ഫെബ്രവരിയിലെ ഇറക്കുമതി 20 ടണ്ണായിരുന്നു. നിയന്ത്രണം വരുന്നതിനു മുമ്പ് 70 ടണ്ണോളം സ്വര്‍ണമാണ് ഒരു മാസം ഇറക്കുമതി ചെയ്തിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :