ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 18 ജൂലൈ 2009 (16:57 IST)
കമ്പനി നിയമ ബോര്‍ഡിന്‍റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് സത്യം ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും നാല് ഡയറക്ടര്‍മാരെ സര്‍ക്കാര്‍ പിന്‍വലിച്ചു. അതേസമയം രണ്ട് ഡയറക്ടര്‍മാരെ ബോര്‍ഡില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
അഴിമതിയാരോപണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഐടി സ്ഥാപനത്തെ സഹായിക്കാന്‍ ആറ് ഡയറക്ടര്‍മാരെയാണ് സര്‍ക്കാര്‍ ജനുവരി 11, 15 തിയ്യതികളിലായി ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചത്. കിരണ്‍ കാര്‍ണിക് ആയിരുന്നു ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍. ദീപക് പരേഖ്, തരുണ്‍ ദാസ്, സൂര്യകാന്ത് ബാല്‍കൃഷ്ണ, സി അച്യുതന്‍, എന്‍ മനോഹരന്‍ എന്നിവരായിരുന്നു സര്‍ക്കാര്‍ നിയമിച്ച മറ്റ് ബോര്‍ഡ് അംഗങ്ങള്‍.
സി അച്യുതന്‍, എന്‍ മനോഹരന്‍ എന്നിവരെയാണ് ബോര്‍ഡില്‍ മൂന്ന് വര്‍ഷ കാലാവധിയില്‍ നില നിര്‍ത്തിയത്. കമ്പനിയുടെ ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഈ രണ്ട് പേരില്‍ ഏതെങ്കിലും ഒരാളുടെ സാന്നിദ്ധ്യത്തിലായിരിക്കും കൈക്കൊള്ളുക.
സത്യം ബോര്‍ഡില്‍ നിന്ന് നാല് ഡയറക്ടര്‍മാരെ പിന്‍വലിക്കാന്‍ കമ്പനി നിയമ ബോര്‍ഡ് സര്‍ക്കാരിന് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. സത്യത്തെ ടെക് മഹീന്ദ്ര ഏറ്റെടുത്ത് മൂന്ന് മാസത്തിന് ശേഷമാണ് ബോര്‍ഡിന്‍റെ ഈ തീരുമാനം. 1,756 കോടി രൂപയ്ക്ക് 31 ശതമാനം ഓഹരികള്‍ സ്വന്തമാക്കിക്കൊണ്ട് ടെക് മഹീന്ദ്ര സത്യത്തെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഓഹരി പങ്കാളിത്തം 42.7 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
കമ്പനി കണക്കുകളില്‍ 7800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജുവിന്‍റെ ജനുവരി ഏഴിലെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കോര്‍പറേറ്റ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി പുറം ലോകമറിയുന്നത്. പ്രതിസന്ധിയിലായ സ്ഥാപനത്തെ സര്‍ക്കാരിന്‍റെയും ഓഡിറ്റര്‍മാരുടെയും സമയോചിതമായ ഇടപെടലാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.