നാനോ യുഎസില്‍ 8000 ഡോളറിന്!

ഡിട്രോയിറ്റ്| WEBDUNIA| Last Modified വെള്ളി, 15 ജനുവരി 2010 (12:59 IST)
PRO
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാ‍റുകളിലൊന്നായ മോട്ടോഴ്സിന്‍റെ നാനോ അമേരിക്കന്‍ വിപണിയില്‍ 8000 ഡോളറിന് ലഭിക്കും. ടാറ്റ മോട്ടോഴ്സുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, വില സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ ഇക്കാര്യം ടാറ്റ മോട്ടോഴ്സ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. കാറിന് ഇന്ത്യയിലേതിനേക്കാള്‍ വില കൂടുതലായിരിക്കുമെന്ന് ടാറ്റ ടെക്നോളജീസ് പ്രസിഡന്‍റ് വാറന്‍ ഹാരിസ് പറഞ്ഞിരുന്നു.

ജനുവരി പതിനാലിന് ഡിട്രോയിറ്റിലെ സയന്‍സ് സെന്‍ററില്‍ നടക്കുന്ന ഓട്ടോ ഷോയില്‍ നാനോ പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ ടാറ്റ മോട്ടോഴ്സ് അറിയിച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ടെക്‍നോളജീസിന്‍റെ നേതൃത്വത്തിലാണ് നാനോ പ്രദര്‍ശിപ്പിക്കുക. അമേരിക്കന്‍ വാഹനപ്രേമികള്‍ക്ക് നാനോയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനായി കാറിന്‍റെ ഗുണഗണങ്ങള്‍ വിശദീകരിക്കാനുള്ള സൌകര്യം മിഷിഗണിലുള്ള ടാറ്റ ടെക്നോളജീസ് ആസ്ഥാനത്തും ഒരുക്കിയിട്ടുണ്ട്.

അമേരിക്കയില്‍ വിപണനത്തിനുള്ള നാനോ കാറുകള്‍ തയ്യാറായി കഴിഞ്ഞെന്നാണ് സൂചന. 2011ല്‍ നാനോ അമേരിക്കന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നാനോ അമേരിക്കയില്‍ അവതരിപ്പിക്കുമെന്നാണ് ടാറ്റ ചെയര്‍മാന്‍ രത്തന്‍ ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നത്. അമേരിക്കന്‍ വിപണിക്ക് ശേഷം മറ്റ് വിദേശ രാജ്യങ്ങളിലേക്കും നാനോയുടെ വിപണനം വ്യാപിപ്പിക്കാനാണ് നാനോ ശ്രമിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാനോയെപ്പോലുള്ള വില കുറഞ്ഞ കാറുകള്‍ക്ക് വിദേശ രാജ്യങ്ങളിലും സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 8000 ഡോളറിനാണ് കാര്‍ യുഎസ് വിപണിയിലെത്തുന്നതെങ്കില്‍ ഹ്യൂണ്ടായ് ആക്സന്‍റിന്‍റെ 9970 ഡോളറിനെ നാനോ കടത്തിവെട്ടും. തുടര്‍ന്ന് യൂറോപ്പ് അടക്കമുള്ള വിപണികളിലും നാനോ ആധിപത്യമുറപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :