ടെക്‌നോപാര്‍ക്കിലേക്ക് ഐടി ഭീമന്‍ ഒറാക്കിളുമെത്തി!

തിരുവനന്തപുരം| WEBDUNIA|
PRO
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് പിന്നാലെയാണ് ഒറാക്കിളും കൊച്ചുകേരളത്തിന്റെ അഭിമാന ഐടിപാര്‍ക്കായ ടെക്‌നോപാര്‍ക്കിലേക്ക് എത്തുന്നു.

ടെക്‌നോപാര്‍ക്കില്‍ ലീല ഇന്‍പോര്‍ക്ക് കെട്ടിടത്തിലായിരിക്കും ഒറാക്കിള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ ഒറാക്കിളിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ ആര്‍ ജയരാമനും ലീല ഇന്‍ഫോടെക്കിന്റെ മേധാവി വേണു കൃഷ്ണനും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

സോഫ്റ്റ്‌വേര്‍ ഹാര്‍ഡ്‌വേര്‍ സിസ്റ്റംസ് രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഒറാക്കിള്‍ കേരളത്തില്‍ എത്തുന്നത് ഇവിടുത്തെ ഐടി മേഖലയ്ക്ക് ഉണര്‍വ് പകരുമെന്ന് വി‌എസ് അഭിപ്രായപ്പെട്ടു. ഒമ്പതു വര്‍ഷത്തേക്കാണ് കരാര്‍. ഏകദേശം നാനൂറ് പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്‌പേസാണ് ഇന്‍പോര്‍ക്ക് കെട്ടിടത്തില്‍ ഒറാക്കിള്‍ എടുത്തിരിക്കുന്നതെന്ന് വേണു കൃഷ്ണന്‍ അറിയിച്ചു.

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറാക്കിളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓഫീസുകളിലായി ഒരു ലക്ഷത്തിലേറെ ഐടി ജീവനക്കാര്‍ ജോലി നോക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :