സബ്സിഡി സിലിണ്ടര്‍ ആറായി പരിമിതപ്പെടുത്തിയ കേന്ദ്രതീരുമാനം നടപ്പാക്കുന്നതിന് കമ്പനികളിലും ഗ്യാസ്ഏജന്‍സികളിലും സോഫ്റ്റ്വെയര്‍ പുതുക്കേണ്ടതുണ്ട്. ഈ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ പുതിയ കണക്ഷന്‍ വൈകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍.
ഒരേ വിലാസത്തിലെ ഒന്നിലധികം കണക്ഷനുകള്‍ ഒഴിവാക്കുന്നതിന് എണ്ണക്കമ്പനികള്‍ നടപടി സ്വീകരിച്ചുവരുന്നതിനാല്‍ പുതിയ പാചക വാതക കണക്ഷനുകള്‍ വൈകാനാണ് സാധ്യത. പക്ഷേ പുതിയ കണക്ഷനുകള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിട്ടില്ല. അപേക്ഷകള്‍ പരിശോധിച്ച ശേഷം കമ്പനികള്‍ ഉപഭോക്താവിന് ഇന്റിമേഷന്‍ ലെറ്റര്‍ അയയ്ക്കുകയാണ് നടപടിക്രമം.
ഈ ലെറ്റര്‍ അയയ്ക്കുന്നതു തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ഡ്യപ്ലിക്കേഷന്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും അതിനു ശേഷമേ പുതിയ കണക്ഷനുകള്‍ അനുവദിക്കൂ എന്നും കമ്പനികള് പറയുന്നു.