അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെന്ന് കാണിച്ച് വിവിധ ഏജന്‍സികള്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് എണ്ണ വിലയില്‍ സ്വാധിന്നം ചെലുത്തി. 7.6 ശതമാനമാണ് നിലവില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ 16 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിത്. 2009ല്‍ ഇത് ഒമ്പത് ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് പ്രമുഖ സാമ്പത്തിക നിരീക്ഷകരായ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് എക്കണോമിക്സ് അഭിപ്രായപ്പെടുന്നത്. രാജ്യത്ത് 2009ല്‍ ജനുവരിയില്‍ മാത്രം 5.98 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ അമേരിക്കയില്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ച തുടരുകയാണ്. എട്ട് അമേരിക്കന്‍ ബാങ്കുകളാണ് ഫെബ്രുവരിയില്‍ മാത്രം അമേരിക്കയില്‍ തകര്‍ന്നത്. ജനുവരിയില്‍ ആറ് ബാങ്കുകളാണ് അടച്ചുപൂട്ടിയത്.
രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാനും വെല്ലുവിളി നേരിടുകയാണ്. ജപ്പാന്‍റെ സാമ്പത്തിക വളര്‍ച്ച മൂന്നാം പാദത്തെ അപേക്ഷിച്ച് 3.3 ശതമാനത്തിന്‍റെ കുറവാണ് നാലാം പാദത്തില്‍ നേരിട്ടത്. 1974ന് ശേഷം ആ രാജ്യം നേരിടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. മറ്റ് വികസിത രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയും മെച്ചമല്ലാത്തതിനാല്‍ എണ്ണവിലയില്‍ ഉടനെയൊരു ഉയര്‍ച്ച ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് പകുതിയോടെ എണ്ണ ഉല്‍പാദനത്തില്‍ കുറവേര്‍പ്പെടുത്തുമെന്ന ഒപെക് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കഴിഞ്ഞ ദിവസം എണ്ണ വില അല്‍പമെങ്കിലും നിയന്ത്രിക്കാനായത്.