യു എസ് ഓഹരിവിപണി സൂചികകള്‍ കുത്തനെയിടിഞ്ഞതിന്‍റെ പ്രതിഫലനമെന്നോണം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും ഇടിഞ്ഞു. ന്യൂയോര്‍ക്ക് മെര്‍ക്കെന്‍റൈല്‍ എക്സ്ചേഞ്ചില്‍ ഏപ്രില്‍ വിതരണത്തിനുള്ള ക്രൂഡോയില്‍ വില ബാരലിന് 35 സെന്‍റ് കുറഞ്ഞ് 38.12 ഡോളറിലെത്തി. ലണ്ടന്‍ ബ്രെന്‍റ് ക്രൂഡിന് ആറ് സെന്‍റ് കുറഞ്ഞ് 40.93 ഡോളറാണ് വില.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് സമീപ ഭാവിയില്‍ ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന ആശങ്ക നിക്ഷേപകരില്‍ ശക്തമായതോടെ യു എസ് ഓഹരി വിപണികള്‍ തിങ്കളാഴ്ച കുത്തനെയിടിഞ്ഞ് 12 വര്‍ഷം മുമ്പുള്ള നിരക്കിലേക്കെത്തിയിരുന്നു. ഡൌജോണ്‍സ് വിപണിയില്‍ 3.14 ശതമാനത്തിന്‍റെയും സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് വിപണിയില്‍ 3.41 ശതമാനത്തിന്‍റെയും നസ്ഡാക് വിപണിയില്‍ 3.71 ശതമാനത്തിന്‍റെയും ഇടിവാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മറ്റ് ഏഷ്യന്‍ വിപണികളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
എണ്ണ ഉപഭോഗം കുറയുമെന്ന നിക്ഷേപകരുടെ അശങ്ക നിലനില്‍ക്കുന്നതും വിലയിയിടിവിന് കാരണമായി. ഒബാമ ഭരണകൂടം അനുവദിച്ച 787 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക സഹായ പദ്ധതി നിലവിലെ മാന്ദ്യം മറികടക്കാന്‍ പര്യാപ്തമല്ലെന്ന സൂചനകള്‍ വ്യവസായ മേഖലകള്‍ പ്രകടപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു. അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയും കനത്ത തൊഴില്‍ നഷ്ടവും എണ്ണ ഉപഭോഗം കുറച്ചതാണ് വിലയിടിവിന് കാരണമായത്.