സജിത്ത്|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:36 IST)
ഇന്ത്യയിലെ ജീപ്പ് ആരാധകരെ ആവേശത്തിലാഴ്ത്തി വൻ വിലക്കുറവിൽ പുത്തൻ കോംപാക്ട് എസ് യു വിയായ ജീപ് കോംപസ് വിപണിയിലേക്കെത്തി. പെട്രോൾ മോഡലിന് 14.95 ലക്ഷം മുതൽ 19.40 ലക്ഷം വരെയും ഡീസൽ മോഡലിന് 15.45 ലക്ഷം മുതൽ 20.65 ലക്ഷം രൂപ വരെയുമാണ് ഷോറൂം വില. നിരത്തിലെത്തുന്നതിന് മുമ്പേ താരമായി മറിയ വാഹനമായിരുന്നു കോംപസ്. ബുക്കിങ് ആരംഭിച്ചതു മുതൽ അയ്യായിരത്തിലധികം ബുക്കിങ്ങുകളാണ് കോംപസിനു ലഭിച്ചത്.
158 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 1.4 ലീറ്റർ മൾട്ടിജെറ്റ് പെട്രോൾ എൻജിനും 167 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 2 ലീറ്റർ ഡീസൽ എൻജിനുമാണ് ഇന്ത്യൻ കോംപസിനു കരുത്തേകുന്നത്. 4398 എംഎം നീളവും, 1819 എംഎം വീതിയും 1667 എംഎം ഉയരവും 2636 എംഎം വീൽബെയ്സുമാണ് ഇന്ത്യന്‍ കോംപസിനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജീപ്പിന്റെ ചെറു എസ് യു വി റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് ഈ ജീപ്പ് കോംപസിന്റെ നിര്‍മാണം.
രാജ്യാന്തര വിപണിയിൽ വിൽപ്പനയിലുള്ള കോംപസിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ‘സ്മോൾ വൈഡ് ആർക്കിടെക്ചർ’ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതമുള്ള സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമാണ് എഫ്‌സിഎ വാഗ്ദാനം ചെയ്യുന്നത്.
ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ, മഹിന്ദ്ര എക്സ്‌യുവി 500 എന്നിങ്ങനെയുള്ള ഇന്ത്യൻ വിപണിയിലെ പല ജനപ്രിയ ബജറ്റ് എസ്‌യുവികള്‍ക്കുമാകും കോംപസ് ഭീഷണി സൃഷ്ടിക്കുക.