Last Modified വെള്ളി, 11 ജനുവരി 2019 (16:04 IST)
രാജ്യത്തെ ഏറ്റവും വാണിജ്യമൂല്യമുള്ള സെലിബ്രിറ്റി വിരാട് കോഹ്‌ലിയെന്ന് രാജ്യാന്തര ഏജൻസി ഡഫ് ഫെൽപ്സ്. പോയവർഷം 17.09 കോടി ഡോളർ അതായത് ഏകദേശം 1213 കോടി രൂപയാണ് കോഹ്‍ലി വിവിധ ഉൽപന്ന ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതുവഴി നേടിയത്.
അതേസമയം, രണ്ടാം സ്ഥാനത്ത് ബോളിവുഡ് നായിക ദീപിക പദുക്കോൺ ആണെന്നും ഏജൻസി പറയുന്നു. 10.25 കോടി ഡോളർ അതായത്ഏകദേശം 728 കോടി രൂപയാണ് ദീപിക നേടിയത്. 10 കോടി ഡോളർ പിന്നിട്ട ബ്രാൻഡ് അംബാസഡർമാർ രാജ്യത്ത് ഇവർ മാത്രമാണ്.
കോഹ്‍ലി 24 ബ്രാൻഡുകളുടെ പരസ്യ നായകനായപ്പോൾ 21 ബ്രാൻഡുകളാണ് ദീപികയെ കൂട്ടുപിടിച്ചത്. ഇവരടക്കമുള്ള സെലിബ്രിറ്റികൾ വിവിധ ബ്രാൻഡുകളുടെ പരസ്യ നായകരാകുന്നതിന് പ്രതിഫലം കമ്പനിയുടെ ഓഹരി പങ്കാളിത്തമായും വാങ്ങുന്നുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും മൂല്യമുള്ള 20 പേരിൽ ബോളിവുഡ് താരങ്ങൾ തന്നെയാണു ഭൂരിപക്ഷവും. കായികരംഗത്തുനിന്ന് സച്ചിൻ, ധോണി, പി.വി. സിന്ധു എന്നിവരുമുണ്ട്.