സജിത്ത്|
Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (15:03 IST)
ട്രയംഫ് ‘ബോൺവിൽ ടി 100’ ഇന്ത്യന്‍ വിപണിയില്‍ വില്പനക്കെത്തി. അൻപതുകളിലെ ‘ബോൺവിൽ’ പാരമ്പര്യം നിലനിർത്തുന്ന ഈ ബൈക്കിന്റെ രൂപകൽപ്പനയിൽ ‘ത്രക്സ്റ്റൻ ആറി’ന്റെ സ്വാധീനം പ്രകടമാവുന്നുണ്ട്. ജർമനിയിൽ അടുത്തു നടന്ന ഇന്റർമോട് മോട്ടോർ സൈക്കിൾ ഷോയിലാണു ട്രയംഫ് ‘ബോൺവിൽ ടി 100’ അവതരിപ്പിച്ചത്.
7.78 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹിയിലെ ഷോറൂം വില.
എ ബി എസ് സംവിധാനത്തോടെ എത്തുന്ന ബൈക്കിൽ വ്യത്യസ്ത റൈഡിങ് മോഡോടെ ടച് അസിസ്റ്റ് ക്ലച്, ഇലക്ട്രോണിക് റൈഡ് ബൈ വയർ, ട്രാക്ഷൻ കൺട്രോൾ എന്നിവയും ലഭ്യമാണ്. മോഡേൺ ക്ലാസിക് എന്ന വിശേഷണത്തോടു നീതിപുലർത്തുന്നതിനായി ബൈക്കിൽ അനലോഗ് ടാക്കോമീറ്റർ, അനലോഗ് സ്പീഡോമീറ്റർ, വിവിധ ഇൻഡിക്കേറ്ററുകൾ എന്നിവ ഉൾപ്പെട്ട മൾട്ടി ഫംക്ഷനൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററുമുണ്ട്.
സീറ്റിനടിയിൽ യു എസ് ബി ചാർജിങ് സോക്കറ്റ്, ഡേ ടൈം റണ്ണിങ് ലാംപ്, എൽ ഇ ഡി റിയർ ലാംപ് എന്നീ സവിശേഷതകളും ബൈക്കിലുണ്ട്. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 900 സി സി എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. ഈ ട്വിൻ എൻജിന്‍ 5,900 ആർ പി എമ്മിൽ പരമാവധി 55 പി എസ് കരുത്തും 3,230 ആർ പി എമ്മിൽ 80 എൻ എം ടോർക്കും ഉല്പാദിപ്പിക്കും.