സജിത്ത്|
Last Modified തിങ്കള്‍, 11 ഡിസംബര്‍ 2017 (11:21 IST)
ഇന്ത്യന്‍ നിരത്തുകളില്‍ എസ്‌യുവികള്‍ക്ക് പ്രചാരം വര്‍ധിക്കുകയാണ്. ഈ ഒരു തിരിച്ചറിവില്‍ നിന്നാണ് ആഗോള അവതരണത്തിന് പിന്നാലെ ഉറൂസ് എന്ന എസ്‌യുവിയെ ലംബോര്‍ഗിനി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എസ്‌യുവികള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതുപോലെ തന്നെയാണ് വിപണിയില്‍ എസ്‌യുവികളുടെ പോരും മുറുകുന്നത്.
നിത്യേന പുതിയ എസ്‌യുവികള്‍ വിപണിയിലേക്കെത്തുമ്പോള്‍ ഏത് തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പമാണ് ഉപഭോക്താക്കള്‍ക്കുള്ളത്. നിലവില്‍ കോമ്പാക്ട് എസ്‌യുവികളുടെ അതിപ്രസരത്തിനാണ് ഇന്ത്യന്‍ വിപണി സാക്ഷിയാകുന്നത്. ഇക്കോസ്‌പോര്‍ട്ട് എന്ന എസ്‌യുവിയിലൂടെ ഫോര്‍ഡ് തുടക്കമിട്ട കോമ്പാക്ട് എസ്‌യുവി തരംഗം മാരുതിയിലും ജീപിലുമായി എത്തി നില്‍ക്കുകയാണ്.
ഏതെല്ലാമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍ എന്ന് നോക്കാം:
നവംബര്‍ മാസത്തെ കണക്കുകള്‍ അനുസരിച്ച് മാരുതിയുടെ ആദ്യ സബ്-4 മീറ്റര്‍ കോമ്പാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസ്സയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവി. 14,458 യൂണിറ്റ് ബ്രെസയാണ് വിറ്റഴിച്ചത്. 8,258 യൂണിറ്റ് വിറ്റഴിച്ച ഹ്യുണ്ടായ് ക്രെറ്റയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. എഞ്ചിന്റെ കരുത്ത് തന്നെയാണ് ക്രെറ്റയിലേക്ക് ഉപഭോക്താക്കള്‍ വന്നെത്താനുള്ള പ്രധാന കാരണം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മുന്നാമത്തെ എസ്‌യുവിയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. 5,474 യൂണിറ്റ് എസ്‌യുവികളാണ് ഫോര്‍ഡ് വിറ്റഴിച്ചത്. ഒരുകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട എസ്‌യുവിയായിരുന്നു മഹീന്ദ്ര ബൊലേറോ. ഇപ്പോളും അക്കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. 4,911 യൂണിറ്റ്
വില്പന നടത്തിയ ബൊലേറൊ നാലാം സ്ഥാനത്താണുള്ളത്.
ടാറ്റയുടെ ആദ്യ കോമ്പാക്ട് എസ്‌യുവിയാണ് നെക്സോണ്‍. ഈ എസ്‌യുവിക്ക് പ്രതീക്ഷയ്ക്കൊത്ത്വിപണി കീഴടക്കാന്‍ സാധിച്ചില്ലെങ്കിലും 4,163 യൂണിറ്റ് വിറ്റഴിച്ച് അഞ്ചാം സ്ഥാനത്തെത്താന് ടാറ്റയ്ക്ക് കഴിഞ്ഞു. 3,660 യൂണിറ്റ്
വില്പന നടത്തിയ മഹീന്ദ്ര സ്‌കോര്‍പിയോ, 3,521 യൂണിറ്റ് വിറ്റഴിച്ച ഹോണ്ട WR-V,
3,363 യൂണിറ്റ് വില്പന നടത്തിയ മാരുതി എസ്-ക്രോസ്, 2,828 യൂണിറ്റ് വില്പനയുമായി ജീപ് കോമ്പസ്, 2,271 യൂണിറ്റ് വിറ്റഴിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയും ഈ പട്ടികയിലുണ്ട്.