Last Updated:
ചൊവ്വ, 23 ഏപ്രില്‍ 2019 (19:23 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയ ജെറ്റ് എയർവേയ്സിലെ ജീവനക്കാരെ ഏറ്റെടുക്കാൻ തയ്യാറായി സ്പൈസ് ജെറ്റ്. 100 പൈലറ്റുമാരെ ഉൾപ്പടെ 500 ജെറ്റ് എയർവേയിസ് ജീവനക്കാർക്ക് ജോലി നൽകിയതായി സ്പൈസ് ജെറ്റ് വ്യക്തമാക്കി. സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനനുസരിച്ച് കൂടുതൽ ജെറ്റ് എയർവേയ്സ് ജീവനക്കാർക്ക് ജോലി നൽകാനാണ് സ്പൈസ് ജെറ്റിന്റെ തീരുമാനം.
ജെറ്റ് എയർവേയ്സ് സർവീസുകൾ ഇല്ലാതായതോടെ കുറവുവന്ന ആഭ്യന്തര സർവീസുകൾ നികത്തുന്നതിനായി 27 പുതിയ വിമാനങ്ങളുമായി അഭ്യന്തര സർവീസുകൾ വർധിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സ്പൈസ് ജെറ്റ്. ഇതിനായി 22 ബോയിഗ് 737s, വിമാനങ്ങളും, അഞ്ച് ടർബോപ്രോപ് ബോംബാർഡിയർ Q400s വിമാനങ്ങളും സ്പൈസ്ജെറ്റ് സജ്ജമാക്കി കഴിഞ്ഞു.
ജെറ്റ് എയർവെയ്സ് അടച്ചുപൂട്ടിയതോടെ ജോലി നഷ്ടമായ ജീവനക്കാർക്കാണ് സ്പൈസ് ജെറ്റിലെ പുതിയ അവസരങ്ങളിൽ മുൻഗണന നൽകുന്നത് എന്ന് സ്പൈസ്ജെറ്റ് ചെയർമാൻ അജയ് സിംഗ് പറഞ്ഞു. കൂടുതൽ വിമാനങ്ങളുമായി സ്പൈസ് ജെറ്റ് ആഭ്യന്തര സർവീസുകൾ വർധിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.