സജിത്ത്|
Last Modified തിങ്കള്‍, 16 ജനുവരി 2017 (13:48 IST)
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ
സാംസങ്ങ് ഗാലക്സി C9 പ്രൊ ഇന്ത്യന്‍ വിപണിയിലെത്തുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനി ഈ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. ജനുവരി 18നാണ് ഏകദേശം 32,490രൂപയോളം വിലയുള്ള ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക.
നിരവധി ആകര്‍ഷകമായ സവിശേഷതകളുമായാണ് ഫോണ്‍ വിപണിയിലെത്തുന്നത്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്പ്ലെയാണ് ഫോണിനുള്ളത്.1920*1080 ആണ് സ്ക്രീന്‍ റെസൊലൂഷന്‍. ക്വാൽകോം സ്നാപ്ഡ്രാഗൺ 652 പ്രോസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ആൻഡ്രോയിഡ് മാർഷ്മലോ 6 ഒഎസില്‍ പ്രവര്‍ത്തനം നടക്കുന്ന ഈ ഫോണിന് 16 മെഗാപിക്സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് നല്‍കിയിട്ടുള്ളത്. 6ജിബി റാം, എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്റേർണൽ സ്റ്റോറേജ് എന്നിവയും ഫോണിലുണ്ട്.
ഫോണിന്റെ ഹോം ബട്ടണില്‍ ഫിംഗര്‍ പ്രിന്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ബ്ലൂടൂത്ത്, വൈഫൈ, 4 ജി വോള്‍ട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി സംവിധാനങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.