അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (13:03 IST)
പാശ്ചാത്യരാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വിലക്കിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. രാജ്യാന്തരവിപണിയിൽ അസംസ്‌കൃത
എണ്ണവില ബാരലിന് 300 ഡോളർ വരെയാകുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് പറഞ്ഞു.
യൂറോപ്യൻ മാർക്കറ്റിൽ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഒന്നുമില്ലാത്ത അവസ്ഥ അസാധ്യമാണെന്ന് നൊവാക് അഭിപ്രായപ്പെട്ടു. ഒരു വർഷത്തെക്കെങ്കിലും അതാണ് സ്ഥിതി. ഒരു വർഷത്തിനപ്പുറം റഷ്യൻ എണ്ണയ്ക്ക് പകരം സംവിധാനമുണ്ടാക്കിയാൽ പോലും അവർക്കത് താങ്ങാനാവില്ലെന്ന് നൊവാക് ചൂണ്ടിക്കാട്ടി.
റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നതിനെ കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ ആലോചിക്കുന്നതിനിടെയാണ് റഷ്യയുടെ മുന്നറിയിപ്പ്. റഷ്യൻ എണ്ണ വിലക്കിയാൽ ജനങ്ങളായിരിക്കും അതിന്റെ ഇരകളെന്നും നൊവാക് ഓർമിപ്പിച്ചു.