aparna shaji|
Last Modified ശനി, 11 ഫെബ്രുവരി 2017 (08:00 IST)
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി മാര്‍ച്ച് 31-നകം പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിന്‍വലിച്ചതില്‍ എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് 15 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും. തിരിച്ചെത്തിയ നോട്ടുകള്‍ ആര്‍.ബി.ഐ. എണ്ണിത്തിട്ടപ്പെടുത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ നോട്ട് പരിഷ്കരണ പ്രഖ്യാപനത്തെത്തുടർന്ന് ബാങ്കുകളിലേക്ക് ഒഴുകിയ അസാധു നോട്ടുകളുടെ കണക്ക് ഉടൻ തന്നെ പുറത്ത് വിടുമെന്ന ധനമന്ത്രി അരുൺ ജയ്റ്റ്ലി ഇന്നലെ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച കണക്കെടുപ്പ് റിസർവ് ബാങ്ക് (ആർബിഐ) നടത്തുകയാണെന്നും ജെയ്‌റ്റ്‌ലി വ്യക്തമാക്കി.
തിരിച്ചുവന്നതിലെ കള്ളനോട്ടുകളും കള്ളപ്പണവും തിട്ടപ്പെടുത്തി കൃത്യമായ വിവരങ്ങൾ ആർ ബി ഐ വെളിപ്പെടുത്തും. കള്ളനോട്ടുകൾ എത്ര, കള്ളപ്പണം എത്ര, ആകെ തുകയെത്ര, തുടങ്ങിയ കാര്യങ്ങലിലെ കൃത്യമായ കണക്കായിരിക്കും ഔദ്യോഗികമായി പുറത്ത് വിടുകയെന്ന് ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ ജയ്റ്റ്ലി പറഞ്ഞു.
വൻതോതിൽ കറൻസി ഇടപാടുകൾ നടത്തുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. കറൻസി ഇടപാടുകൾ അഴിമതിക്കും നികുതിവെട്ടിപ്പിനും വഴിവയ്ക്കും. സമാന്തര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതാണു മറ്റൊരു ദോഷം. കറൻസി ഇടപാടുകളാണു കുറ്റകൃത്യങ്ങൾക്കു പ്രധാന കാരണം. കറൻസിരഹിത സമ്പദ്‌വ്യവസ്ഥയിലും കുറ്റകൃത്യങ്ങളുണ്ടെങ്കിലും അവയുടെ നിരക്കു കുറവായിരിക്കും. ജെയ്‌റ്റ്‌ലി വ്യക്തമാക്കി.