സജിത്ത്|
Last Modified ബുധന്‍, 6 ഡിസംബര്‍ 2017 (14:03 IST)
കാത്തിരിപ്പിന് വിരാമമാകുന്നു. മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്തവർഷം വിപണിയിലേക്കെത്തും. വരുന്ന ഫെബ്രുവരിയില്‍ ഡൽഹിയിൽ വെച്ചു നടക്കുന്ന രാജ്യാന്തര ഓട്ടോഎക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിനെ കമ്പനി പുറത്തിറക്കുന്നത്.
നിലവിൽ ജപ്പാൻ, യുറോപ്പ്, ഓസ്ട്രേലിയ എന്നീ വിപണികളിലാണ് പുതിയ സ്വിഫ്റ്റിനെ സുസുക്കി അവതരിപ്പിച്ചത്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങള്‍ക്കുമനുസരിച്ചായിരിക്കും പുതിയ സ്വിഫ്റ്റ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതുകൊണ്ടു തന്നെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും അടിമുടി മാറ്റങ്ങളുമായായിരിക്കും പുതിയ സ്വിഫ്റ്റ് എത്തുക. അതേസമയം രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ച സ്പോർട്സ്, ഹൈബ്രിഡ് എന്നീ പതിപ്പുകള്‍ തുടക്കത്തിൽ തന്നെ ഇന്ത്യന്‍ വിപണിയിലേക്കെത്തില്ലയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ബലേനൊ ആർഎസിലുടെ അരങ്ങേറ്റം കുറിച്ച 1 ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിനായിരിക്കും ഇന്ത്യന്‍ നിരത്തില്‍ സ്വിഫ്റ്റിനു കരുത്തേകുക. അതോടൊപ്പെം 1.2 ലീറ്റർ പെട്രോൾ എൻജിനും 1.3 ലീറ്റർ ഡീസൽ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടായേക്കുമെന്നും സൂചനയുണ്ട്.