ഡെബിറ്റ് കാർഡിലൂടെ ഇടപാട് നടത്താൻ സിവിവി മാത്രം നൽകിയാൽ പോര! പുതിയ ഡെബിറ്റ് കാർഡ് ചട്ടം ജൂലൈ ഒന്ന് മുതൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (21:52 IST)
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ സേവദാതാക്കളുടെ സർവറിൽ സൂക്ഷിക്കുന്നത് വിലക്കികൊണ്ടുള്ള ആർബിഐ ചട്ടം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ സംരക്ഷിക്കുന്നതിനായാണ് പുതിയ തീരുമാനം. ജനുവരിയിൽ വ്യവസ്ഥ പാലിക്കണമെന്നായിരുന്നു റിസർവ് ബാങ്കിൻ്റെ ഉത്തരവ്. ഇത് പിന്നീട് ജൂലൈ ഒന്ന് വരെ നീട്ടുകയായിരുന്നു.

ചട്ടം നിലവിൽ വരുന്നതോടെ ഇടപാടുകാരുടെ യഥാർഥ കാർഡ് വിവരങ്ങൾക്ക് പകരം എന്ന് വിളിക്കുന്ന പ്രത്യേക കോഡ് വഴിയാണ് ഇടപാട് നടക്കുക. ഈ കോഡ് ഒരേ സമയം ഒരു ഓൺലൈൻ സേവനദാതാക്കളുമായി ബന്ധപ്പെട്ട് മാത്രമാകും സേവ് ആകുക. ചട്ടം നിലവിൽ വരുന്നതൊടെ ഇതുവരെ സൂക്ഷിച്ചുവെച്ചിരുന്ന ഇടപാടുകാരുടെ ഡെബിറ്റ്,ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഓൺലൈൻ സേവനദാതാക്കൾ നീക്കം ചെയ്യേണ്ടതായി വരും. കാർഡ് വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ ടോക്കണിലേക്ക് നീങ്ങണമെന്നാണ് കേന്ദ്രബാങ്കിൻ്റെ നിർദേശം.

ടോക്കണൈസേഷന് അനുമതി നൽകിയിട്ടില്ലെങ്കിൽ ഇടപാട് കാരൻ കാർഡിലെ മുഴുവൻ വിവരങ്ങളും നൽകേണ്ടതായി വരും. സിവിവി മാത്രം നൽകി ഇടപാട് നടത്തിയിരുന്ന രീതിക്ക് പകരമായാണ് മുഴുവൻ വിവരങ്ങളും നൽകേണ്ടി വരിക. അതേസമയം ടോക്കണൈസേഷന് അനുമതി നൽകിയവർ സിവിവിയും ഒടിപിയും മാത്രം നൽകിയാൽ മതിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :