സജിത്ത്|
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (10:15 IST)
മിനി കൂപ്പർ എസിന്റെ
കാർബൺ എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി. കൂപ്പർ എസിന്റെ പരിമിതകാല പതിപ്പായ കാർബൺ എഡിഷനിൽ ജോൺ കൂപ്പർ ട്യൂണിങ് കിറ്റ്, ജോൺ കൂപ്പർ വർക്സ് ആക്സസറീസ് തുടങ്ങിയവയോടൊപ്പമാണ് ലഭ്യമാകുക. 39.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമോസോണിൽ നിന്ന് മാത്രമേ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കൂ.
കാർബൺ എഡിഷനെ പൂർണ്ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പൂർണ്ണമായും കറുപ്പു നിറത്തിലാണ് വാഹനം ലഭ്യമാകുക. കറുത്ത ആവരണങ്ങളുള്ള ഹെഡ്-ടെയിൽ ലാമ്പുകളാണ് വാഹനത്തിനുള്ളത്. രണ്ടു ലീറ്റർ നാല് സിലിണ്ടർ എൻജിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്.
192 എച്ച്പി കരുത്തും 280 എൻഎം ടോർക്കും സൃഷ്ടിക്കാന്‍ ഈ എൻജിന് സാധിക്കും. കൂടാതെ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനായി 6.7 സെക്കന്റ് സമയം മാത്രമാണ് ആവശ്യം. ജോൺ കൂപ്പർ ട്യൂണിങ് കിറ്റ് മോഡലിന് 210 എച്ച്പി കരുത്തും 300 എൻഎം ടോർക്കുമാണുള്ളത്. 6.5 സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കടക്കും. രണ്ട് മോഡലുകളിലും ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ് ഉപയോഗിച്ചിട്ടുള്ളത്.