സജിത്ത്|
Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (13:35 IST)
പുതിയ ക്രോസോവർ ഹാച്ച്ബാക്കുമായി മാരുതി എത്തുന്നു. ഓൾട്ടോയുടെ വില്പനയെ തകിടം മറിച്ച് മുന്നേറിയ റെനോ ക്വിഡിനെ എങ്ങനെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹാച്ചുമായി മാരുതി എത്തുന്നത്. 2018ല്‍ നടക്കുന്ന ഓട്ടോഎക്സ്പോയിൽ അവതരണം നടത്തുക എന്ന ലക്ഷത്തോടെയാണ് അണിയറയിൽ തകൃതിയായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ക്രോസോവറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. എങ്കിലും
ഓൾട്ടോയ്ക്ക് കരുത്തേകുന്ന 800സിസി, 1.0ലിറ്റർ എൻജിൻ തന്നെയായിരിക്കും ഈ വാഹനത്തിനും കരുത്തേകുകയെന്നാണ് സൂചന. റിനോ ക്വിഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഇറക്കുന്ന ഈ വാഹനത്തിനും അതെ എസ്‌യുവി ലുക്കിലുള്ള ഡിസൈൻ തന്നെയായിരിക്കും നൽകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാരുതിയിൽ നിന്നുമുള്ള ഈ പുതിയ ക്വിഡ് ഫൈറ്റർ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം നിരത്തിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഈ ഹാച്ച് ബാക്കിനു മുമ്പായി ന്യൂജെൻ സ്വിഫ്റ്റിനെ ഷോറൂമുകളിൽ എത്തിക്കുന്നതിനായുള്ള നിഗമനത്തിലാണ് ഇപ്പോള്‍ മാരുതി.