കൊച്ചി സ്‌മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനവാരം

ദുബായ്| JOYS JOY| Last Modified ഞായര്‍, 17 ജനുവരി 2016 (15:48 IST)
കേരളം കാത്തിരുന്ന കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഉദ്‌ഘാടനം ഫെബ്രുവരി അവസാനവാരം നടക്കും. ദുബായില്‍ ചേര്‍ന്ന ഡയറക്‌ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഉദ്ഘാടന തിയതി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം പ്രഖ്യാപനം ഉണ്ടാകും.

ഉദ്ഘാടന ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പങ്കെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും ഉദ്ഘാടന തിയതി തീരുമാനിക്കുക.

ദുബായ് എമിറേറ്റ് ടവേഴ്സ് ഓഫിസ് ടവറില്‍ നടന്ന യോഗത്തില്‍ സംസ്ഥാന വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ദുബായ് ടീകോം സി ഇ ഒ ജാബിര്‍ ബിന്‍ ഹാഫീസ്, സ്മാര്‍ട്ട് സിറ്റി സി ഇ ഒ ഡോ. ബാജു ജോര്‍ജ്, പ്രത്യേക ക്ഷണിതാവായി വ്യവസായി എം എയൂസഫലി എന്നിവര്‍ പങ്കെടുത്തു.

246 ഏക്കറില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം അന്തിമഘട്ടത്തിലാണ്. ആറര ലക്ഷം ചതുരശ്ര അടിയാണ് എസ് സി കെ - 01 എന്ന ആദ്യ ഐ ടി ടവറിന്റെ വിസ്തീര്‍ണം. ഇത് തുറക്കുന്നതോടെ 5000 പേര്‍ക്കോളം തൊഴില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :